ചെന്നൈ: അധിക്ഷേപകരമായ പരാമർശം നടത്തിയ ഡിഎംകെ നേതാവ് ശിവജി കൃഷ്ണമൂർത്തിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് തമിഴ്നാട് ഗവർണർ ആർ എൻ രവി. ഗവർണറുടെ നടപടിക്ക് പിന്തുണ അറിയിച്ച് ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ രംഗത്തെത്തി.
അധിക്ഷേപ പരാമർശം നടത്തിയ നേതാവിനെ ഡിഎംകെ സസ്പെൻഡ് ചെയ്തു എന്നത് ശരിയാണ്. എന്നാൽ അയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടില്ല. ഈ അവസരത്തിൽ, മാനനഷ്ടക്കേസുമായി മുന്നോട്ട് പോകാൻ ഗവർണർ നിർബന്ധിതനായിരിക്കുകയാണ്. നീതി തേടിയുള്ള അദ്ദേഹത്തിന്റെ നീക്കത്തെ ബിജെപി പിന്തുണയ്ക്കുമെന്ന് അണ്ണമലൈ വ്യക്തമാക്കി.
ഡിഎംകെ പ്രവർത്തകർക്ക് വേണ്ടി പ്രത്യേക നിയമമുണ്ടെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ധാരണ. അദ്ദേഹത്തിന്റെ അത്തരം അബദ്ധ ധാരണകൾ തിരുത്താൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും അണ്ണാമലൈ പറഞ്ഞു.
ഗവർണറെ ജമ്മു കശ്മീരിൽ കൊണ്ടു പോയി ഭീകരവാദികൾക്ക് കൊല്ലാൻ ഇട്ടുകൊടുക്കണമെന്നായിരുന്നു ശിവജി കൃഷ്ണമൂർത്തിയുടെ പരാമർശം. സംഭവം വിവാദമായതോടെ, ഡിഎംകെ ശിവജി കൃഷ്ണമൂർത്തിയെ സസ്പെൻഡ് ചെയ്തിരുന്നു.
Discussion about this post