എറണാകുളം: സുരക്ഷയുടെ പേരിൽ അയൽ വീടിന് അഭിമുഖമായി സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി. ഇത് അനുവദിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സിസിടിവി സ്ഥാപിക്കുന്നത് സംബന്ധിച്ച് വിശദമായ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ കോടതി സംസ്ഥാന പോലീസ് മേധാവിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അയൽവാസിയുടെ സിസിടിവി ക്യാമറയുടെ ഫോക്കസിംഗ് തന്റെ വീട്ടിലേക്കാണെന്ന് ചൂണ്ടിക്കാട്ടി ചേരനെല്ലൂർ സ്വദേശി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. അയൽവീടിനെ ഫോക്കസ് ചെയ്ത് സിസിടിവി സ്ഥാപിക്കുന്നത് സ്വകാര്യത ലംഘനമാണെന്ന് വ്യക്തമാക്കിയായിരുന്നു ഹർജി. സുരക്ഷയുടെ പേരിൽ സിസിടിവി ക്യാമറയിലൂടെ അയൽവീടുകളിലേക്ക് എത്തി നോക്കാൻ അനുവദിക്കരുത് എന്നായിരുന്നു കോടതി പറഞ്ഞത്.
ജസ്റ്റിസ് വി.ജി അരുൺ ആയിരുന്നു ഹർജി പരിഗണിച്ചത്. ഹർജിയിൽ സർക്കാരുമായി കൂടിയാലോചിച്ച ശേഷം മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനാണ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. ഹർജി കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.
Discussion about this post