കൊച്ചി: വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ സുരക്ഷിതമായി മാതാപിതാക്കളുടെ അടുത്തെത്തിച്ച് മാതൃകയായി യുവാക്കൾ. പാലക്കാട് മങ്കര സ്വദേശി ചെമ്മുക കളരിക്കൽ വീട്ടിൽ വിഷ്ണു (22) ഉം, പാലക്കാട് പത്തിരിപ്പാല പള്ളത്ത്പടി വീട്ടിൽ സുമിൻ കൃഷ്ണയുമാണ് 18 കാരിയ്ക്ക് രാത്രിയിൽ തുണയായി ഉദാത്ത മാതൃക ആയി തീർന്നത്.
പാലക്കാട്ടുനിന്ന് കൊച്ചിയിലെ ലുലു മാൾ കാണാനായാണ് വിഷ്ണുവും സുമിൻ കൃഷ്ണനും പുറപ്പെട്ടത്. ട്രെയിനിൽ ഷൊർണൂരിൽ എത്തുമ്പോഴാണ് പതിനെട്ടുകാരിയായ പെൺകുട്ടി ട്രെയിനിന്റെ വാതിലിനരികിൽ കരഞ്ഞുനിൽക്കുന്നത് കണ്ടത്. വിഷ്ണുവും സുമിനും കാര്യം അന്വേഷിച്ചപ്പോൾ ഒന്നുമില്ലെന്നു പറഞ്ഞു. എന്നാൽ, പന്തികേട് തോന്നിയ യുവാക്കൾ സൗമ്യമായി കാര്യങ്ങൾ തിരക്കിയപ്പോൾ പ്രണയം തകർന്നതിന്റെ സങ്കടത്തിൽ വീടുവിട്ട് ഇറങ്ങിയതാണെന്നു പറഞ്ഞ് പെൺകുട്ടി പൊട്ടിക്കരയുകയായിരുന്നു. അമ്മ കുളിക്കാൻ കയറിയ സമയം വീട് വിട്ട് ഇറങ്ങിയതാണെന്നും എറണാകുളത്തേക്കാണ് ടിക്കറ്റ് എടുത്തിരുന്നതെന്നും കുട്ടി വെളിപ്പെടുത്തി.
ഇത് കേട്ടതോടെ യുവാക്കൾ പെൺകുട്ടിയെ സമാധാനിപ്പിച്ച് ഭക്ഷണവും വാങ്ങിനൽകി. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ മൂവരും ഇറങ്ങി. പെൺകുട്ടിയുടെ ഫോൺ ചോദിച്ചുവാങ്ങി. ആ സമയം ഫോൺ ഫ്ലൈറ്റ് മോഡിലായിരുന്നു. യുവാക്കൾ അമ്മയെ വിളിപ്പിച്ചപ്പോൾ മകളെ കാണാനില്ലെന്ന പരാതിയുമായി അച്ഛനും അമ്മയും പാലക്കാട് പോലീസ് സ്റ്റേഷനിലാണെന്ന്അറിഞ്ഞു.
യുവാക്കൾ നടന്ന സംഭവം പോലീസിനോട് വ്യക്തമാക്കി. പാലക്കാട് പോലീസ് പറഞ്ഞതനുസരിച്ച് ഇവർ കുട്ടിയുമായി കളമശേരി പോലീസ് സ്റ്റേഷനിലെത്തി. തുടർന്ന് രാത്രി എട്ടോടെ ഇവിടെയെത്തിയ മാതാപിതാക്കളോടൊപ്പം കുട്ടിയെ പറഞ്ഞയച്ചു. പാലക്കാട് നിന്ന് ലുലുമാൾ കാണാനായണ് യുവാക്കൾ കൊച്ചിയിലേക്ക് തിരിച്ചത്. ലുലു മാൾ കാണാൻ പറ്റിയില്ലെന്ന വിഷമമുണ്ടെങ്കിലും നല്ലൊരു കാര്യം ചെയ്യാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് വിഷ്ണുവും സുമിനും പറഞ്ഞു.
പാലക്കാട്ടെ ഹോട്ടൽ ജീവനക്കാരായ യുവാക്കൾ ലീവ് കിട്ടില്ലെന്നും തിരിച്ചുപോകുകയാണെന്നും പറഞ്ഞപ്പോൾ കളമശേരിയിലെ സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ അജിത് കുട്ടപ്പൻ, ഹോട്ടൽ ഉടമയെ വിളിച്ച് നടന്നത് അറിയിക്കുകയും ഒരുദിവസം കൂടി ലീവ് നൽകണമെന്നും പറഞ്ഞു. ലീവ് അനുവദിച്ചതിനാൽ കളമശേരിയിൽ രാത്രി തങ്ങാനുള്ള സൗകര്യവും ഭക്ഷണത്തിനുള്ള പണവും എഎസ്ഐ നൽകി.വ്യാഴാഴ്ച ലുലു മാൾ സന്ദർശിച്ചശേഷം യുവാക്കൾ നാട്ടിലേക്ക് മടങ്ങും. സമയോചിത ഇടപെടലും സത്യസന്ധതയും കൊണ്ട് പെൺകുട്ടിയെ സുരക്ഷിതമായി മാതാപിതാക്കളെ ഏൽപ്പിച്ച യുവാക്കളെ സ്റ്റേഷൻ എസ്എച്ച്ഒ പിആർ സന്തോഷ് അഭിനന്ദിച്ചു. മറ്റുള്ളവർക്ക് ഇതൊരു മാതൃകയാവട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post