രാമസിംഹൻ അബൂബക്കർ സംവിധാനം ചെയ്യുന്ന പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിൽ ഏഴ് മാറ്റങ്ങൾ മാത്രം വരുത്തിയാൽ മതിയെന്ന് സെൻസർ ബോർഡ്. മലബാർ കലാപം പ്രമേയമായ ചിത്രത്തിന് എ സർട്ടിഫിക്കേറ്റാണ് ലഭിച്ചിരിക്കുന്നത് എന്ന് രാമസിംഹൻ അറിയിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പുനഃപരിശോധന സമിതിക്ക് മുന്നിലെത്തിയ ചിത്രത്തിന് ഏഴ് മാറ്റങ്ങളോടെ പ്രദർശനാനുമതി ലഭിച്ചിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടുള്ള കത്ത് തനിക്ക് ലഭിച്ചു. പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ ഫലമാണിതെന്ന് പറഞ്ഞ അദ്ദേഹം, നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു.
‘ സന്തോഷ വാർത്ത.. സെൻസർ ബോർഡ് cut list വന്നിരിക്കുന്നു 27ൽ നിന്നും 7 കട്ടിലേക്ക് ചുരുങ്ങി..
നന്ദി മോദിജി, കൂടെ നിന്നവർക്കെല്ലാം നന്ദി ‘ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ആദ്യ പുനഃപരിശോധനാ തീരുമാനം അംഗീകരിക്കാതെ കേന്ദ്ര ഫിലിം സെൻസർ ബോർഡ് ചെയർമാൻ ‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം വീണ്ടും സെൻസറിന് അയക്കുകയായിരുന്നു. രണ്ടാമതും പുന: പരിശോധന സമിതിക്ക് വിട്ട കേന്ദ്ര ഫിലിം സെൻസർ ബോർഡിൻറെ നടപടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പ്രധാനമന്ത്രിയുടെ കംപ്ലേയിന്റ് പോർട്ടിലൂടെ പരാതി സമർപ്പിച്ചെന്ന് രാമസിംഹന് അറിയിച്ചത്. ഇതിന്റെ ഭാഗമായി ഇന്ന് സെൻസർ ബോർഡിന്റെ കത്ത് ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post