പത്തനംതിട്ട: നഗരമദ്ധ്യത്തിലെ കടകളിൽ പട്ടാപ്പകൽ ഉണ്ടായ തീപിടുത്തത്തിന്റെ ഞെട്ടലിലാണ് നഗരവാസികൾ. സദാസമയവും തിരക്ക് അനുഭവപ്പെടുന്ന ഭാഗത്തെ കടകളിലാണ് അഗ്‌നിബാധ ഉണ്ടായത്. നഗ്‌നമായ നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടിട്ടും കണ്ണടച്ചതിന് നൽകേണ്ടി വന്ന വില കൂടിയാണ് ഈ ദുരന്തമെന്ന് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
നഗരമദ്ധത്തിലെ പ്രധാന റോഡിൽ ഫുട്പാത്തിനോട് ചേർന്നുളള ചിപ്‌സ് കടയിലാണ് തീപിടുത്തം ഉണ്ടായത്. കടയിലെ ഗ്യാസിലേക്ക് തീ പടരുന്നത് കണ്ട ജീവനക്കാർ പുറത്തേക്ക് ഇറങ്ങി ഓടി. ഫുട്പാത്തിലേക്ക് ഇറക്കിയായിരുന്നു ഈ കടകളിൽ ഗ്യാസ് അടുപ്പുകൾ സജ്ജീകരിച്ചിരുന്നത്. ഈ അടുപ്പിന് മുകളിലെ പ്ലാസ്റ്റിക് ഷീറ്റുകളിൽ തീ പടർന്ന് സമീപത്തെ കടകളിലേക്കും വ്യാപിക്കുകയായിരുന്നു. നാല് കടകളാണ് കത്തി നശിച്ചത്. ഇതിൽ രണ്ട് ചിപ്‌സ് കടകളും ഒരു മൊബൈൽ കടയും ഉൾപ്പെടും.
നഗരമദ്ധ്യത്തിലെ ഏറെ തിരക്കുളള ചിപ്‌സ് കടകളാണിത്. കടയിലേക്ക് ആളുകളെ ആകർഷിക്കാനാണ് അടുപ്പുകൾ പുറത്തു തന്നെ സജ്ജീകരിച്ചത്. ലൈവായി ഉപ്പേരി വറുക്കുന്നതും ആളുകൾ സഞ്ചരിക്കുന്ന ഫുട്പാത്തിനോട് ചേർത്തുവെച്ചു തന്നെ ആയിരുന്നു. വർഷങ്ങളായി ഈ കടകൾ ഇവിടെ പ്രവർത്തിക്കുന്നത് ഇങ്ങനെയാണ. എന്നാൽ ഇതുവരെ അധികൃതർ ഈ നിയമലംഘനങ്ങൾക്ക് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
മുൻസിപ്പൽ ഓഫീസ്, പഴയ ബസ് സ്റ്റാൻഡ്, ചന്ത, സിവിൽ സ്റ്റേഷൻ, ബിഎസ്എൻഎൽ ഓഫീസ്, കോടതി, തുടങ്ങിയ ഇടങ്ങളിലേക്ക് എത്തുന്നവർ അധികവും സഞ്ചരിക്കുന്ന പ്രധാന ഫുട്പാത്താണിത്. ഇത്തരമൊരു മേഖലയിലാണ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി ഗ്യാസ് അടുപ്പും മറ്റും സജ്ജീകരിച്ചിരുന്നത്.
തീപിടുത്തം ഉണ്ടായി രക്ഷാപ്രവർത്തനത്തിനിടെ ഒരു കടയിലെ ഗ്യാസ് കുറ്റി പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെളളം പമ്പ് ചെയ്ത് തീ അണയ്ക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന അഗ്നിശമന സേനാംഗങ്ങൾ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. പൊട്ടിത്തെറിച്ച് തീ ഗോളമായി ചീറിപ്പാഞ്ഞ് ഇവരുടെ നേർക്ക് വരികയായിരുന്നു. ഇവർ ഓടി മാറിയതിനാലാണ് അപകടം ഒഴിവായത്. റോഡിന് മറുവശത്തുളള കടകളുടെ സമീപമാണ് ഇത് പതിച്ചത്. മറ്റൊരു ഗ്യാസ് കുറ്റി മുകളിലേക്ക് പൊട്ടിത്തെറിച്ച് ഉയരുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു ടൗണിൽ തീപിടുത്തം ഉണ്ടായത്. രണ്ടു രക്ഷാപ്രവർത്തകർ ഉൾപ്പടെ എട്ടു പേർക്ക് നിസ്സാര പരിക്കുകളേറ്റു. മന്ത്രി വീണ ജോർജ്ജും ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരും സ്ഥലം സന്ദർശിച്ചു.
സംഭവം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് മന്ത്രി നിർദേശം നൽകിയിട്ടുമുണ്ട്.
Discussion about this post