തിരുവനന്തപുരം: ഹർത്താലിന്റെ മറവിൽ സംസ്ഥാന വ്യാപകമായി കലാപം ഉണ്ടാക്കിയ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികൾ ഇന്നും തുടരും. വിവിധ ജില്ലകളിലായി നിരവധി പ്രവർത്തകരുടെ സ്വത്തുക്കളാണ് ഇനിയും ജപ്തി ചെയ്യാനുള്ളത്. ഇന്ന് വൈകീട്ടോടെ ജപ്തി നടപടികൾ പൂർത്തിയാക്കാനാണ് കളക്ടർമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
ലാൻഡ് റവന്യൂ കമ്മീഷണറുടേതാണ് നിർദ്ദേശം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ മുഴുവൻ നടപടികളും പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് കളക്ടർമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ റിപ്പോർട്ട് അടുത്ത ദിവസം കോടതിയിൽ സമർപ്പിക്കും. ഈ മാസം 23 നുള്ളിൽ പോപ്പുലർ ഫ്രണ്ടുകാരുടെ സ്വത്തുക്കൾ മുഴുവൻ കണ്ടുകെട്ടി റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാരിന് ഹൈക്കോടതി നൽകിയിരിക്കുന്ന അന്ത്യ ശാസനം.
ഇന്നലെ വൈകീട്ട് മുതലാണ് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ജപ്തി നടപടികൾ ആരംഭിച്ചത്. 14 ജില്ലകളിലായി 60 ഓളം സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ, സംസ്ഥാന സെക്രട്ടറി സിഎ റൗഫ് എന്നിവരുടെ സ്വത്തുക്കളും കഴിഞ്ഞ ദിവസം ജപ്തി ചെയ്തവയിൽ ഉൾപ്പെടുന്നുണ്ട്. ഇന്നും കൂടുതൽ നേതാക്കളുടെ സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടി.
ഹർത്താൽ കേസിൽ ഈ മാസം 15 ഓടെ ജപ്തി നടപടികൾ പൂർത്തിയാക്കുമെന്നായിരുന്നു സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതോടെയാണ് 23 നുള്ളിൽ ജപ്തി നടപടി പൂർത്തിയാക്കണമെന്ന് ഹൈക്കോടതി അന്ത്യശാസനം നൽകിയത്. എൻഐഎ പരിശോധനയുടെ പേരിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ 5.2 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.
Discussion about this post