ന്യൂഡൽഹി: യുക്രെയ്‌നും റഷ്യയും തമ്മിലുള്ള ചർച്ചകൾ സുഗമമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിക്കുമെന്ന് മുതിർന്ന ഫ്രഞ്ച് മാദ്ധ്യമപ്രവർത്തക ലോറ ഹയിം. യുക്രെയ്‌നേയും റഷ്യയേയും ഒരുമിച്ച് ചർച്ചയ്‌ക്കെത്തിക്കാൻ സാധിക്കുന്നയാളാണ് നരേന്ദ്രമോദിയെന്നും അവർ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അന്താരാഷ്ട്ര കാര്യങ്ങളുടെ വക്താവായി പ്രവർത്തിച്ച വ്യക്തി കൂടിയാണ് ലോറ.
” അയൽക്കാരായ ഇരു രാജ്യങ്ങളേയും ചർച്ചയ്‌ക്കെത്തിക്കാൻ കെൽപ്പുള്ള ഒരാളെ ആവശ്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അതിന് സാധിക്കും. ഒരുപക്ഷേ യുക്രെയ്ൻ ഇപ്പോൾ ചർച്ചകൾ ആഗ്രഹിക്കുന്നുണ്ടാകില്ല. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പുടിന് തക്ക ശിക്ഷ ഉറപ്പാക്കാനായിരിക്കും അവർ ആഗ്രഹിക്കുന്നത്. ഇരുരാജ്യങ്ങളും യുദ്ധത്തിന്റേയും മരണങ്ങളുടേയും പേരിൽ ഇപ്പോൾ പരസ്പരം പഴിചാരിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇരുരാജ്യങ്ങളേയും ഒരുമിച്ച് ചർച്ചയ്ക്ക് എത്തിക്കുക എന്നത് തീർത്തും ശ്രമകരമായ ദൗത്യമാണ്. പക്ഷേ സമാധാനപ്രക്രിയയിൽ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ചില കടമകൾ നിർവഹിക്കാൻ കഴിയുമെന്നും” ലോറ ഹയിം പറഞ്ഞു.
അമേരിക്കയിലെ ആളുകൾ റഷ്യ-യുക്രെയ്ൻ യുദ്ധത്തെ കുറിച്ച് സംസാരിക്കുന്നില്ലെന്നും ഇത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ലോറ കൂട്ടിച്ചേർത്തു. ” യുക്രെയ്‌നിൽ യുദ്ധം ആരംഭിച്ചിട്ട് ഏറെ നാളുകളായി. എന്നാൽ അമേരിക്കയിൽ ആരും ഇതിനെ കുറിച്ച് സംസാരിച്ച് കാണുന്നില്ല. പ്രസിഡന്റിനേയും ഡോണൾഡ് ട്രംപിനേയും കുറിച്ചൊക്കെയാണ് സംസാരിക്കുന്നത്. ഞങ്ങൾ യൂറോപ്പിലായിരുന്നപ്പോൾ അവിടെ എല്ലാവരും യുദ്ധത്തിൽ എന്ത് സംഭവിച്ചു എന്നതിനെ കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്. റഷ്യ ഒരുപക്ഷേ യുക്രെയ്‌നിൽ വളരെ വലിയ ആക്രമണത്തിനായിരിക്കും ഇനി ശ്രമിക്കുന്നത്. പക്ഷേ യുക്രെയ്ൻകാർ വളരെ ധൈര്യശാലികളാണെന്നും” ലോറ പറഞ്ഞു.









Discussion about this post