ന്യൂഡൽഹി: 240 യാത്രക്കാരുമായി റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഉസ്‌ബെക്കിസ്ഥാനിലേക്ക് വഴി തിരിച്ചു വിട്ടു. സൗത്ത് ഗോവയിലെ ദബോലിം വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെ 4.15ന് വിമാനം ഇറങ്ങേണ്ടതായിരുന്നു.
അസൂർ എയറിന്റെ ചാർട്ടേഡ് വിമാനമാണ് വഴി തിരിച്ച് വിട്ടത്. ഇന്ന് പുലർച്ചെ 12.30നാണ് ദബോലിം എയർപോർട്ട് ഡയറക്ടർക്ക് വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിക്കുന്നത്. ഇമെയിൽ സന്ദേശത്തിന് പിന്നാലെ ഈ വിവരം പൈലറ്റിനെ അറിയിക്കുകയും ഉസ്‌ബെക്കിസ്ഥാനിലേക്ക് വഴി തിരിച്ചുവിടുകയുമായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടത്തുന്ന രണ്ടാമത്തെ സംഭവമാണിത്. ജനുവരി 9ന് മോസ്‌കോയിൽ നിന്ന് ഗോവയിലേക്ക് വരികയായിരുന്ന വിമാനം ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയിരുന്നു. ബോംബ് ഭീഷണി സന്ദേശത്തെ തുടര്‍ന്നായിരുന്നു നീക്കം. അസൂർ എയറിന്റെ ചാർട്ടേഡ് വിമാനമായിരുന്നു ഇതും.
ജാംനഗറിലെ ഇന്ത്യൻ എയർഫോഴ്‌സ് ബേസിലാണ് അന്ന് വിമാനം ലാൻഡ് ചെയ്തത്. വിമാനം വിശദമായി പരിശോധിച്ച ശേഷം വ്യാജസന്ദേശമാണ് ലഭിച്ചതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അന്ന് റഷ്യയിലെ അസൂർ എയർ ഓഫീസിലാണ് ഭീഷണി മെയിൽ ലഭിച്ചത്.
Discussion about this post