തൃശൂർ : പുതുവർഷ സമ്മാനമായി ഉണ്ണി കണ്ണന് സമർപ്പിച്ച ചിത്രങ്ങൾ ഗുരുവായൂർ നടയിൽ കണ്ടതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് കൃഷ്ണ ഭക്തയായ ജസ്‌ന സലീം. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നുള്ള വീഡിയോയിലൂടെയാണ് യുവതി സന്തോഷം പങ്കുവെച്ചത്. ഇവർ വരച്ച ചിത്രങ്ങൾ അമ്പല നടയിൽ തന്നെ നിരത്തി വെച്ചിരിക്കുന്നത് കാണാനാകും.
ഞാനന്ന് വരച്ച ഉണ്ണി കണ്ണന്റെ ചിത്രങ്ങൾ ഗുരുവായൂരപ്പന്റെ ഗോപുരനടയിലുണ്ടെന്ന് ജസ്‌ന പറഞ്ഞു. വളരെ അതിമനോഹരമാണിതെന്നും ഇങ്ങനെ ഒരു നിമിഷം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും കലാകാരി പറയുന്നുണ്ട്.
പുതുവത്സര ദിനത്തിൽ ഉണ്ണിക്കണ്ണന് സമ്മാനമായാണ് 101 ചിത്രങ്ങൾ കൊയിലാണ്ടി സ്വദേശിയായ ജസ്‌ന സമ്മാനിച്ചത്. കഴിഞ്ഞ എട്ട് വർഷമായി അഷ്ടമിരോഹിണിക്കും വിഷുവിനും കണ്ണന്റെ ചിത്രങ്ങൾ ജസ്‌ന വരച്ച് സമർപ്പിക്കാറുണ്ട്. എന്നാൽ ഇത്തവണ അതിൽ നിന്നെല്ലാം വ്യത്യസ്തമായി വിവിധ വലിപ്പത്തിലുള്ള 101 ചിത്രങ്ങൾ കൊണ്ടാണ് യുവതി ഗുരുവായൂരപ്പന് മുന്നിലെത്തിയത്. ഒന്നരയടി മുതൽ അഞ്ചടിവരെ വലുപ്പങ്ങളിലുള്ള ചിത്രങ്ങളാണിത്.
അക്രിലിക് ഷീറ്റിൽ ഫാബ്രിക് പെയിന്റ് ഉപയോഗിച്ച് നാല് മാസമെടുത്താണ് ഈ ചിത്രങ്ങൾ പൂർത്തിയാക്കിയത്. ആദ്യമായാണ് ഒരാൾ ഉണ്ണിക്കണ്ണന്റെ ഇത്രയുമധികം ചിത്രങ്ങൾ വരച്ച് സമർപ്പിക്കുന്നത്. ജീവിതത്തിലെ വലിയൊരു സ്വപ്നമാണ് ഈ നിമിഷം സാധ്യമായിരിക്കുന്നത് എന്നാണ് ചിത്രങ്ങൾ സമർപ്പിച്ചുകൊണ്ട് ജസ്ന പറഞ്ഞത്.
Discussion about this post