ചെങ്ങന്നൂർ: പ്രളയത്തിൽ ഉപയോഗ ശൂന്യമായ വീട്ടുസാധനങ്ങൾ ആക്രി സാധനങ്ങൾ വിറ്റ ചെങ്ങന്നൂർ സ്വദേശിക്ക് നഷ്ടമായത് ആറ് ലക്ഷത്തിലധികം രൂപ. ആക്രി സാധനങ്ങൾക്കൊപ്പം എടിഎം കാർഡ് പെട്ടു പോയതാണ് വിനയായത്. കാർഡിൽ തന്നെ ഇതിന്റെ പിൻ നമ്പറും എഴുതിയിട്ടുണ്ടായിരുന്നു. തമിഴ്‌നാട് തെങ്കാശി സ്വദേശി ബാലമുരുകനാണ് പണം തട്ടിയത്. വിശദമായ അന്വേഷണത്തിനൊടുവിൽ ഇയാളെ പിടികൂടി. 61 തവണയായി 6.31ലക്ഷം രൂപയാണ് ഇയാൾ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചത്.
പാണ്ടനാട് പ്രയാർ കിഴുവള്ളിൽ പുത്തൻപറമ്പിൽ ഷാജിയുടെ പണമാണ് തട്ടിയത്. എസ്ബിഐ ചെങ്ങന്നൂർ ശാഖയിലെ ബാങ്ക് അക്കൗണ്ടിന്റഎ കാർഡാണ് നഷ്ടമായത്. 2018ലാണ് ഈ കാർഡ് ലഭിച്ചത്. എന്നാൽ വിദേശത്തേക്ക് പോയതിനാൽ ഷാജി ഈ കാർഡ് ഉപയോഗിച്ചിരുന്നില്ല. ആ വർഷം പ്രളയത്തിൽ വെള്ളം കയറി. കഴിഞ്ഞ ഒക്ടോബറിൽ നാട്ടിലെത്തിയ ഷാജി ഉപയോഗശൂന്യമായ സാധനങ്ങൾ ആക്രിവിലക്ക് വിറ്റു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ബാങ്കിലെത്തി ചെക്ക് ഉപയോഗിച്ച് പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്ന് അറിയുന്നത്.
എടിഎം കാർഡ് ഉപയോഗിച്ചാണ് പണം പിൻവലിച്ചതെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി. ഗൾഫിലെ നമ്പറായിരുന്നു അക്കൗണ്ടുമായി ഘടിപ്പിച്ചത്. ഈ ഫോൺ നാട്ടിലേക്ക് കൊണ്ടുവരാത്തതിനാൽ പണം പിൻവലിച്ച കാര്യം അറിയാനും കഴിഞ്ഞിരുന്നില്ല. ഒക്ടോബർ 7നും 22നും ഇടയിലാണ് പണം പിൻവലിച്ചത്. തിരുവനന്തപുരം, ഇടമണ്ണ്, പുനലൂർ, കറ്റാനം, തമിഴ്‌നാട്ടിലെ മധുര, നാമക്കൽ, സേലം എന്നിവിടങ്ങളിലെ എടിഎമ്മുകളിൽ നിന്നാണ് പണം പിൻവലിച്ചത്. ഇവിടങ്ങളിലെ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബാലമുരുകൻ പിടിയിലായത്. ആക്രിക്കടയിൽ നിന്ന് ലോഡെടുക്കാനെത്തിയ ബാലമുരുകൻ എടിഎം കാർഡ് കണ്ട് അത് കൈക്കലാക്കുകയായിരുന്നു. പ്രതി മോഷ്ടിച്ച ആറ് ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു.
Discussion about this post