കൊച്ചി: തിയേറ്ററുകളിൽ നിന്ന് മാളികപ്പുറം കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകനും കല്ലുവിനെയും ഉണ്ണിയെയും നെഞ്ചിലേറ്റിയത് പോലെ തന്നെയാണ് ഹരിവരാസനത്തിന്റെ പുതിയ പതിപ്പിനെയും സ്വീകരിച്ചത്. യേശുദാസിന്റെ ശബ്ദത്തിൽ ഹരിവരാസനം കേട്ട് ശീലിച്ച മലയാളികൾ ഏറെ സ്‌നേഹത്തോടെയാണ് മാളികപ്പുറത്തിലെ ഹരിവരാസനും സ്വീകരിച്ചത്.
ഭക്തി ഒട്ടും ചോരാതെ അയ്യപ്പനോടുള്ള എല്ലാ സ്‌നേഹവും നിറച്ചാണ് മാളികപ്പുറത്തിലെ ഹരിവരാസനം പ്രേക്ഷരുടെ ഹൃദയത്തിൽ ഇടം നേടിയത്. പ്രകാശ് സാംരഗ് എന്ന അനുഗ്രഹീത കലാകാരനാണ് ഹരിവരാസനം പാടാനുള്ള ഭാഗ്യം ലഭിച്ചത്. പത്തനംതിട്ട സാരംഗിലെ ഗായകനായ പ്രകാശിനെ ആയിരക്കണക്കിന് പിന്നണി ഗായകരിൽ നിന്നാണ് മാളികപ്പുറത്തിന്റെ അണിയറക്കാർ കണ്ടെത്തിയത്.
1975 ൽ സ്വാമി അയ്യപ്പൻ സിനിമയ്ക്ക് വേണ്ടി ഗാനഗന്ധർവൻ യേശുദാസ് ഹരിവരാസനം പാടുമ്പോൾ ആ പാട്ട് മൂളി നടന്നിരുന്ന അന്നത്തെ ആറുവയസുകാരന്, വളരെ അപ്രതീക്ഷിതമായിട്ടാണ് നിർമ്മാതാക്കളിൽ ഒരാളായ ആന്റോ ജോസഫിന്റെ വിളി എത്തിയത്. തുടർന്ന് അയ്യപ്പനിയോഗം പോലെ തന്നെ മാളികപ്പുറത്തിലെ ഹരിവരാസനത്തിന് പ്രകാശ് ശബ്ദം നൽകുകയായിരുന്നു. കൊട്ടാരക്കര പുത്തൂർ സ്വദേശിയായ പ്രകാശ് സാരംഗിന് വന്ന് ഭവിച്ച ഭാഗ്യം അയ്യപ്പനിയോഗം എന്ന് കരുതാനാണിഷ്ടം.
Discussion about this post