അഗർത്തല: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ത്രിപുരയിൽ പ്രചാരണം സജീവമാക്കി ബിജെപി. മുഖ്യമന്ത്രി മണിക് സാഹയും മന്ത്രിമാരും വീടുകളിൽ നേരിട്ടെത്തിയാണ് പ്രചാരണം നടത്തുന്നത്. തലസ്ഥാനമായ അഗർത്തലയിൽ ഞായറാഴ്ച മുഖ്യമന്ത്രി നേരിട്ട് വീട് കയറി വോട്ടർമാരെ കാണാനെത്തി.
വോട്ടർമാരുമായി സംവദിച്ച അദ്ദേഹം ജനങ്ങൾക്ക് ബിജെപി സർക്കാരിൽ ഉറച്ച വിശ്വാസമാണുളളതെന്ന് പറഞ്ഞു. ജനങ്ങൾ സന്തോഷവാൻമാരാണ്.പുതിയ ഹൈവേകൾ ഉൾപ്പെടെ ധാരാളം വികസനങ്ങളാണ് ത്രിപുരയിൽ നടക്കുന്നത്. ഇന്റർനെറ്റും ജലഗതാഗത മാർഗങ്ങൾ ഉൾപ്പടെയുളള അടിസ്ഥാന സൗകര്യങ്ങളും വികസിച്ചുകൊണ്ടിരിക്കുകയാണ്. ബിജെപി സർക്കാരിന്റെ സുതാര്യതയും ജനങ്ങൾ കണക്കിലെടുക്കുന്നുണ്ടെന്നും മണിക് സാഹ പറഞ്ഞു.
ബിജെപി അധികാരത്തിലെത്തിയതോടെ സംസ്ഥാനത്ത് ഭീകരവാദം അവസാനിപ്പിച്ച് സമാധാനവും സമൃദ്ധിയും പുലർത്താനായതും ജനങ്ങൾ വിലയിരുത്തുന്നുണ്ടെന്ന് മണിക് സാഹ പറഞ്ഞു. 2018 ലേതിനെക്കാൾ കൂടുതൽ സീറ്റുകൾ നൽകി ഇക്കുറി ബിജെപിയെ ജനങ്ങൾ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും അവിശുദ്ധ കൂട്ടുകെട്ടിൽ ആരും വിശ്വസിക്കുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഫെബ്രുവരി 16 നാണ് ത്രിപുരയിലെ 60 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ.
Discussion about this post