എറണാകുളം: ലോ കോളേജിൽ തനിക്ക് സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യമായിരുന്നുവെന്ന് നടി അപർണ ബാലമുരളി. പുതിയ ചിത്രം തങ്കത്തിന്റെ
പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം. കോളേജിന്റെ നടപടികൾ തൃപ്തയാണെന്നും അപർണ പറഞ്ഞു.
ലോ കോളേജിൽ തനിക്ക് സംഭവിച്ചത് നടക്കാൻ പാടില്ലാത്തതായിരുന്നു. ഇങ്ങനെയൊരു കാര്യം സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. വിദ്യാർത്ഥിയ്‌ക്കെതിരെ എന്ത് നടപടിയായിരുന്നു സ്വീകരിക്കേണ്ടത് എന്നത് കോളേജിന് അറിയാം. അതുപോലെ തന്നെ അവർ ചെയ്തിട്ടുമുണ്ട്. വിദ്യാർത്ഥിയ്‌ക്കെതിരെ നിലവിൽ സ്വീകരിച്ച നടപടികളിൽ തൃപ്തയാണ്. സംഭവത്തിൽ അവിടുത്തെ മുഴുവൻ വിദ്യാർത്ഥികളും മാപ്പ് പറഞ്ഞു. കോളേജിനെ ബഹുമാനിക്കുന്നുവെന്നും അപർണ മാദ്ധ്യമങ്ങളോട് പറഞ്ഞു.
യൂണിയൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ അപർണയോട് അപമര്യാദയായി പെരുമാറിയ വിദ്യാർത്ഥിയെ കഴിഞ്ഞ ദിവസം കോളേജിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. ഒരാഴ്ചത്തേയ്ക്ക് ആണ് സസ്‌പെൻഷൻ. സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
ജനുവരി 18 നായിരുന്നു കോളേജിൽ അപർണ ബാലമുരളി എത്തിയത്. പരിപാടിയ്ക്കിടെ വേദിയിലേക്ക് കയറിവന്ന വിദ്യാർത്ഥി നടിയുടെ തോളിൽ കയ്യിട്ട് ഫോട്ടോ എടുക്കുകയായിരുന്നു. ഇതിൽ അനിഷ്ടം തോന്നിയ നടി കുതറി മാറി. സംഭവത്തിൽ അപ്പോൾ തന്നെ വിദ്യാർത്ഥി മാപ്പ് പറഞ്ഞിരുന്നു. എന്നാൽ ഇത് തൃപ്തികരമല്ലെന്ന് വിലയിരുത്തിയ കോളേജ് വിദ്യാർത്ഥിയ്‌ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
Discussion about this post