തിയേറ്ററുകളിൽ ജനസാഗരം തീർത്ത് ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം‘ മുന്നേറുന്നു. ചിത്രം റിലീസ് ചെയ്തതിന് ശേഷം ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ ദിവസമായിരുന്നു ഞായറാഴ്ച. റിലീസ് ചെയ്ത ഇരുപത്തിനാലാം ദിവസം ഇത്തരമൊരു നാഴികക്കല്ല് പിന്നിടാൻ കഴിഞ്ഞതിന്റെ ആഹ്ലാദം ഉണ്ണി മുകുന്ദൻ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കു വെച്ചു.
അവധി ദിവസമായതിനാൽ പ്രമുഖ തിയേറ്ററുകളിലെല്ലാം ഹൗസ് ഫുൾ ഷോകളാണ് ചിത്രത്തിനുള്ളത്. മിക്ക കേന്ദ്രങ്ങളിലും സ്പെഷ്യൽ ഷോകളും ഏർപ്പെടുത്തിയിട്ടുണ്ട്. നിറഞ്ഞു കവിയുന്ന കുടുംബ പ്രേക്ഷകരുടെ ആവേശമാണ് ചിത്രത്തെ മെഗാ ഹിറ്റിലേക്ക് നയിക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. ആദ്യ ഘട്ടങ്ങളിലെ ഡീഗ്രേഡിംഗ് ശ്രമങ്ങളെ ഫലപ്രദമായി അതിജീവിച്ച് മുന്നേറാൻ ചിത്രത്തെ സഹായിക്കുന്നതിൽ മൗത്ത് പബ്ലിസിറ്റി ഒരു പ്രധാന ഘടകം തന്നെയാണ്.
അതിനിടെ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ട്രെയിലറുകൾക്കും വൻ പിന്തുണയാണ് ലഭിക്കുന്നത്. വമ്പൻ ബാനറുകളാണ് മാളികപ്പുറം തമിഴിലും തെലുങ്കിലും വിതരണത്തിന് എടുത്തിരിക്കുന്നത്. ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് കാന്താരയും മഗധീരയും ഗജിനിയും ഉൾപ്പെടെയുള്ള മെഗാ ഹിറ്റുകൾ പ്രദർശനത്തിനെത്തിച്ച ഗീത ആർട്സാണ്. അല്ലു അരവിന്ദ് സ്‌ഥാപിച്ച ഗീത ആർട്സിന് നേതൃത്വം നൽകുന്നത് തെലുങ്ക് സൂപ്പർ തരാം അല്ലു അർജുനാണ്. രാക്ഷസൻ, വിക്രം വേദ തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ച ട്രൈഡന്റ് ഫിലിംസാണ് ചിത്രത്തിന്റെ തമിഴിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
Discussion about this post