ന്യൂഡൽഹി: പാക് ഭീകരർക്കെതിരെ ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവ് ചോദിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. സർജിക്കൽ സട്രൈക്ക് നടത്തിയെന്ന് പറയുന്നത് അല്ലാതെ അതിന് ഇതുവരെ തെളിവില്ല. അസംഖ്യം നുണകൾ പറഞ്ഞാണ് ബിജെപി രാജ്യം ഭരിക്കുന്നത് എന്നും ദ്വിഗ്‌വിജയ് സിംഗ് പറഞ്ഞു. ജമ്മു കശ്മീരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016 ൽ ഉറിയിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിൽ ഇന്ത്യ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയതിന് തെളിവില്ല. നിരവധി പേരെ വധിച്ചെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. എന്നാൽ ഇതിന് തെളിവില്ല. നുണകൾ പറഞ്ഞുകൊണ്ടാണ് ബിജെപി രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
2019 ൽ 40 സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം കേന്ദ്രത്തിനാണ്. ശ്രീനഗറിൽ നിന്നും ഡൽഹിയിലേക്ക് ഉദ്യോഗസ്ഥരെ വിമാനമാർഗ്ഗം എത്തിക്കാമെന്ന് സിആർപിഎഫ് അറിയിച്ചിരുന്നത് ആണ്. എന്നാൽ കേന്ദ്രം ഇതിന് വിസമ്മതിച്ചു. സൈനികരുടെ ആവശ്യം പരിഗണിച്ചിരുന്നുവെങ്കിൽ ഭീകരാക്രമണം ഒഴിവാക്കാമായിരുന്നുവെന്നും ദ്വിഗ്‌വിജയ് സിംഗ് പറഞ്ഞു.
അതേസമയം കോൺഗ്രസ് നേതാവിന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി രംഗത്ത് എത്തി. രാജ്യം കാക്കുന്ന സൈനികരെയാണ് കോൺഗ്രസ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി രാജ്യത്തെയും സേനകളെയും അപമാനിക്കുന്നത് കോൺഗ്രസ് തുടരുകയാണ്. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് കോൺഗ്രസിന്റെ ശീലമായിരിക്കുന്നു. ദിഗ് വിജയ്‌സിംഗിന് രാജ്യ സ്‌നേഹം ഇല്ലെന്നും ബിജെപി പറഞ്ഞു.
Discussion about this post