എറണാകുളം: കൊച്ചിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മണ്ണാർക്കാട് സ്വദേശി ജുനൈദ് ആണ് അറസ്റ്റിലായത്. ഇറച്ചി പിടികൂടിയതിന് പിന്നാലെ ജില്ല വിട്ട ജുനൈദ് മലപ്പുറത്ത് ഒളിവിൽ കഴിയുകയായിരുന്നു.
രാത്രിയോടെയായിരുന്നു കളമശ്ശേരി പോലീസിന്റെ പ്രത്യേക സംഘം ഇയാളെ പിടികൂടിയത്. മലപ്പുറത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നു ഇയാൾ. ജുനൈദിനെ രാത്രി കൊച്ചിയിലേക്ക് കൊണ്ടുവരും. വിശദമായി ചോദ്യം ചെയ്തതിന് ശേഷം ചൊവ്വാഴ്ച രാവിലെ ഇയാളെ കോടതിയിൽ ഹാജരാക്കും. കേസിലെ മുഖ്യ പ്രതിയാണ് ജുനൈദ്. ഇത്രയും പഴകിയ ഇറച്ചി എവിടെ ലഭിച്ചു എന്നതുൾപ്പെടെ നിർണായക വിവരങ്ങൾ ഇയാളിൽ നിന്നും ലഭിക്കേണ്ടതുണ്ട്.
കൈപ്പടമുക്കിലെ വാടക വീട്ടിൽ പഴകിയ ഇറച്ചി എത്തിച്ചാണ് ഇയാൾ ഹോട്ടലുകൾക്ക് നൽകിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് 500 കിലോയോളം വരുന്ന പഴകിയ ഇറച്ചി കണ്ടെത്തിയത്. 49 ഹോട്ടലുകളിലേക്ക് ആണ് ജുനൈദ് പഴകിയ ഇറച്ചി വിതരണം ചെയ്തിരുന്നത്. ഇവയുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. അടുത്തിടെ പൂട്ടിച്ച ഹോട്ടലുകളിൽ ജുനൈദ് ഇറച്ചി വിതരണം ചെയ്തിരുന്നോയെന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്.
Discussion about this post