തിരുവനന്തപുരം: നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത കുട്ടിയെ വിവാഹം കഴിപ്പിച്ച സംഭവത്തിൽ അറസ്റ്റ്. പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കും. 16 കാരിയെ ആണ് ശൈശവ വിവാഹത്തിന് ഇരയാക്കിയത്.
പെൺകുട്ടിയെ വിവാഹം ചെയ്ത പനവൂർ സ്വദേശിയുമായ അൽ അമീർ, വിവാഹത്തിന് കാർമികത്വം നൽകിയ തൃശൂർ സ്വദേശിയും ഉസ്താദുമായ അൻസർ സാവത്ത് എന്നിവരാണ് അറസ്റ്റിലായത്. 16 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് അൽ അമീർ . 2021ലായിരുന്നു സംഭവം. തുടർന്ന് നാല് മാസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ജയിൽ മോചിതനായ ഇയാൾ പെൺകുട്ടിയെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തുകയായിരുന്നുവെന്നാണ് പിതാവിന്റെ മൊഴി.
ശല്യം അസഹനീയമായതോടെ പെൺകുട്ടിയെ വിവാഹം കഴിപ്പിച്ച് നൽകുകയായിരുന്നു. 23 വയസ്സാണ് അൽ അമീറിന്. ഈ മാസം 18 നായിരുന്നു പെൺകുട്ടിയുടെ വിവാഹം. ഇതുമായി ബന്ധപ്പെട്ട് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലായിരുന്നു മൂന്ന് പേരെയും പിടികൂടിയത്.
16കാരിയെ പീഡിപ്പിച്ചതിന് പുറമേ രണ്ട് പീഡന കേസുകൾ കൂടി ഇയാൾക്കെതിരെയുണ്ട്. അടിപിടി കേസിലും ഇയാൾ പ്രതിയാണ്.
Discussion about this post