കോട്ടയം: കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകരുടേയും ജീവനക്കാരുടേയും കൂട്ടരാജി. ഡീൻ ചന്ദ്രമോഹൻ നായർ ഉൾപ്പെടെ എട്ട് പേർ രാജി വെച്ചു. സ്ഥാനമൊഴിഞ്ഞ ഡയറക്ടർ ശങ്കർ മോഹനുമായി അടുപ്പമുള്ളവരാണ് രാജിവച്ചത്. ചന്ദ്രമോഹന് പുറമെ സിനിമറ്റോഗ്രഫി അദ്ധ്യാപിക ഫൗസിയ, ഓഡിയോ വിഭാഗത്തിലെ വിനോദ്, സിനിമറ്റോഗ്രഫി വിഭാഗത്തിലെ നന്ദകുമാർ, അസിസ്റ്റന്റ് പ്രൊഫസർ ഡയറക്ഷൻ ബാബാനി പ്രമോദി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് വിഭാഗത്തിലെ സന്തോഷ്, അഡ്മിനിസ്‌ട്രേഷൻ ഓഫീസർ അനിൽ കുമാർ എന്നിവരാണ് രാജിവച്ചത്.
അദ്ധ്യാപകർക്ക് ഗുണനിലവാരം ഇല്ലെന്ന വിദ്യാർത്ഥികളുടെ പരാതി അംഗീകരിക്കാൻ ആവില്ലെന്ന് രാജിവച്ച അധ്യാപകർ പറഞ്ഞു. നേരത്തെ മന്ത്രി ആർ.ബിന്ദുവുമായി നടത്തിയ ചർച്ചയിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം ഒത്തുതീർപ്പായിരുന്നു. അക്കാദമിക പ്രവർത്തനങ്ങൾ ഉടൻ പുന:രാരംഭിക്കും. പുതിയ ഡയറക്ടറെ ഉടൻ കണ്ടെത്തും. ഒഴിവുള്ള സംവരണ സീറ്റുകൾ നികത്തുമെന്നും മന്ത്രി പറഞ്ഞു. സംവരണ മാനദണ്ഡങ്ങൾ സർക്കാർ തീരുമാനിക്കും. ഉന്നത സമിതികളിൽ വിദ്യാർത്ഥികളുടെ പ്രാതിനിധ്യം ഉറപ്പാക്കും.
ഡയറക്ടറുടെ വസതിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരെ ജോലിക്ക് നിയോഗിക്കുന്ന രീതി തീർത്തും ശരിയല്ല. അത്തരം പ്രവണതകൾ ആവർത്തിക്കില്ല എന്ന് ഉറപ്പാക്കും. വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചിട്ടുള്ള വിഷയങ്ങളിൽ കേസുകൾ രമ്യമായി പരിഹരിക്കാൻ സംവിധാനമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Discussion about this post