ജയ്പൂർ : ജോലി പോകുമെന്ന് ഭയന്ന് മൂന്നാമത്തെ കുഞ്ഞിനെ കനാലിൽ എറിഞ്ഞ് കൊന്ന് ദമ്പതിമാർ. രാജസ്ഥാനിലെ ബികാനേർ ജില്ലയിലാണ് സംഭവം. സർക്കാരിന് കീഴിലെ കരാർ ജോലിക്കാരനായ ജവർലാൽ മേഘ്വാളും ഭാര്യയും ചേർന്നാണ് തങ്ങളുടെ അഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കനാലിൽ എറിഞ്ഞത്. സംഭവത്തിൽ ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു.
കരാർ ജീവനക്കാരനായ ജവർലാൽ സ്ഥിരം ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അപ്പോഴാണ് മൂന്നാമതൊരു പെൺകുഞ്ഞ് ഉണ്ടായത്. രാജസ്ഥൻ സർക്കാർ പുറത്തിറക്കിയ നിയമപ്രകാരം മൂന്നാമത് കുട്ടിയുണ്ടായാൽ തിരഞ്ഞെടുപ്പിന് മത്സരിക്കാനോ മറ്റോ സാധ്യമല്ല. അത് മാത്രമല്ല, മാതാപിതാക്കൾക്ക് ജോലിയിൽ നിന്ന് നിർബന്ധിതമായി രാജി വെയ്‌ക്കേണ്ടി വരും. ഇതോടെയാണ് കുഞ്ഞിനെ കൊല്ലാൻ ജഹർലാലും ഭാര്യയും തീരുമാനിച്ചത്.
ഛത്തർഗഡ് പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള കനാലിലാണ് ഇവർ കുഞ്ഞിനെ എറിഞ്ഞത്. സംഭവത്തിൽ ജവർലാൽ മേഘ്വാളിനും ഭാര്യ ഗീതാ ദേവിക്കും എതിരെ ഐപിസി 302, 120 ബി വകുപ്പുകൾ പ്രകാരം ഛത്തർഗഡ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post