കോട്ടയം: കോട്ടയം കുമാരനല്ലൂരിൽ സ്ത്രീധനത്തെ ചൊല്ലിയുണ്ടായ തർക്കത്തിന്റെ പേരിൽ ഭർത്താവും ഗുണ്ടാസംഘവും ചേർന്ന് യുവതിയുടെ വീട് അടിച്ച് തകർത്തു. വീട്ടിലെത്തി അസഭ്യം പറഞ്ഞതിന്റെ പേരിൽ ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയതിന് പിന്നാലെ ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. യുവതിയുടെ ഭർത്താവായ തിരുവല്ല മുത്തൂർ സ്വദേശി സന്തോഷും ഇയാളുടെ സുഹൃത്തുക്കളായ ഗുണ്ടകളുമാണ് വീട് ആക്രമിച്ചത്. സന്തോഷ് ഉൾപ്പെടെ നാല് പേർക്കെതിരെ ഗാന്ധിനഗർ പോലീസ് കേസെടുത്തു.
കുമാരനല്ലൂർ പുതുക്കുളങ്ങര വീട്ടിൽ വിജയകുമാരി അമ്മയുടെ ഉടമസ്ഥതയിലുള്ള വീടാണ് ആക്രമിച്ചത്. ഒരു വർഷം മുൻപായിരുന്നു വിജയകുമാരിയുടെ മകളും സന്തോഷും തമ്മിലുള്ള വിവാഹം. 35 പവൻ സ്ത്രീധനമായി നൽകിയെങ്കിലും കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ട് ഇയാൾ യുവതിയെ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടെ ഗർഭിണിയായ യുവതി കുമാരനല്ലൂരിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തി. കുഞ്ഞിനെ പ്രസവിച്ച് 27 ദിവസം മാത്രം പിന്നിടുമ്പോഴാണ് ഭർത്താവിന്റെ ക്രൂരത.
Discussion about this post