കൊച്ചി: ജഡ്ജിക്ക് നൽകാനെന്ന പേരിൽ അഭിഭാഷകൻ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന് മൊഴി. അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂർ 72 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് അഭിഭാഷകർ ഹൈക്കോടതി വിജിലൻസിന് മുൻപാകെ മൊഴി നൽകിയത്. നാല് അഭിഭാഷകരാണ് മൊഴി നൽകിയത്. സൈബിക്കെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് ഹൈക്കോടതി വിജിലൻസും വ്യക്തമാക്കി.
മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി കൈക്കൂലി വാങ്ങിയെന്നാണ് വിജിലൻസിന്റെ റിപ്പോർട്ടിലുള്ളത്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സിയാദ് റഹ്മാൻ, ജസ്റ്റിസ് വി.വി.കുഞ്ഞികൃഷ്ണൻ എന്നിവരുടെ പേരിലാണ് സൈബി ജോസ് കിടങ്ങൂർ കൈക്കൂലി വാങ്ങിയതെന്നാണ് ഹൈക്കോടതി വിജിലൻസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. 72 ലക്ഷമാണ് ഇത്തരത്തിൽ കൈപ്പറ്റിയതെന്നും, ഒരു ജഡ്ജിയുടെ പേരിൽ മാത്രം 50 ലക്ഷം വാങ്ങിയെന്നും മൊഴി നൽകിയിട്ടുണ്ട്.
സൈബി സംശയാപ്ദകരമായ സാഹചര്യത്തിൽ ജീവിക്കുന്ന വ്യക്തിയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വളരെ ആഡംബരപൂർണമായ ജീവിതമാണ് ഇയാൾ നയിക്കുന്നത്.സൈബിക്കെതിരെ തെളിവുകൾ ഉള്ള സാഹചര്യത്തിൽ അച്ചടക്ക നടപടി സ്വീകരിക്കാൻ ബാർ കൗൺസിലിന് ശുപാർശ ചെയ്യാനും ഹൈക്കോടതി വിജിലൻസ് നിർദ്ദേശം നൽകി. അഡ്വക്കേറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നും ശുപാർശയിൽ പറയുന്നു.
Discussion about this post