തിരുവനന്തപുരം : പീഡനത്തിന് ഇരയായ പതിനാറുകാരിയെ കേസിലെ പ്രതിയെക്കൊണ്ട് ശൈശവ വിവാഹം നടത്തിയ സംഭവത്തിൽ നാല് പേർക്കെതിരെ കൂടി കേസ്. പീഡനക്കേസ് പ്രതിയായ വരന്റെ സഹോദരനും സുഹൃത്തുക്കൾക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ പെൺകുട്ടിയെ വിവാഹം കഴിച്ച അൽ അമീറിനെയും അച്ഛനെയും വിവാഹം നടത്തിക്കൊടുത്ത ഉസ്താദ് അൻവർ സാദത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നെടുമങ്ങാട് പനവൂരിൽ വെച്ച് ഡിസംബർ 18 നാണ് വിവാഹം നടന്നത്. പീഡനക്കേസിൽ ജയിലിലായിരുന്ന യുവാവ് ജാമ്യത്തിലിറങ്ങിയ ശേഷം കേസ് ഒഴിവാക്കാനുള്ള മാർഗം എന്ന നിലയിലാണ് പീഡിപ്പിച്ച കുട്ടിയെ തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്.
നാല് മാസം മുൻപാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയെ മൊബൈൽ ഫോൺ നൽകി സ്വാധീനിച്ച് മലപ്പുറത്തെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പെൺകുട്ടിയെയും കൊണ്ട് യുവാവ് നാട് വിട്ടതോടെ വീട്ടുകാർ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അൽ അമീറിനെ അറസ്റ്റ് ചെയ്തത്.
ഈ മാസം പ്രതി ജാമ്യത്തിലിറങ്ങിയതോടെ വിവാഹം കഴിപ്പിക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് ശൈശവ വിവാഹത്തിന് കേസെടുത്തത്.
Discussion about this post