തിരുവനന്തപുരം : ഏറെ വിവാദങ്ങൾക്കൊടുവിൽ സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. 8.50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. 06.1.17 മുതൽ 26.5.18 വരെയുള്ള 17 മാസത്തെ ശമ്പള കുടിശ്ശികയാണ് ലഭിക്കുന്നത്.
2018 മുതൽ ചിന്തയുടെ ശമ്പളം ഒരു ലക്ഷം രൂപയായി വർദ്ധിപ്പിച്ചിരുന്നെങ്കിലും ശമ്പള കുടിശ്ശിക മുൻകാല പ്രാലബല്യത്തോടെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ 20.8.22 ന് സർക്കാരിന് കത്തെഴുതിയിരുന്നു. ഇതെ തുടർന്നാണ് സർക്കാർ നടപടി.
അദ്ധ്യക്ഷയായി നിയമിതയായ 2016 മുതൽ ചട്ടങ്ങൾ രൂപീകരിച്ച കാലയളവ് വരെ ശമ്പളത്തെ സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണെന്നാണ് ചിന്ത സർക്കാരിന് നൽകിയ കത്തിൽ പറഞ്ഞത്. അതിനാൽ 14.10.16 മുതൽ 25.5.18 വരെയുള്ള കാലയളവിൽ ശമ്പളം ഒരു ലക്ഷം രൂപയായി പരിഗണിച്ച് കുടിശ്ശിക അനുവദിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. രണ്ട് തവണ സർക്കാരിന് തള്ളിയെങ്കിലും പിന്നീട് അനുവദിക്കുകയായിരുന്നു.
ഇത് വിവാദമായതോടെ ശമ്പള കുടിശ്ശിക ചോദിച്ച് വാങ്ങിയതല്ല എന്നായിരുന്നു ചിന്തയുടെ വാദം. എന്നാൽ കുടിശ്ശിക ആവശ്യപ്പെട്ട പ്രകാരമാണ് അനുവദിക്കുന്നത് എന്ന് കായിക യുവജന കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്.
എന്നാൽ സംസ്ഥാനം കടക്കെണിയിൽ പെട്ട് കിടക്കുന്നതിനിടയിലും ചിന്ത ജെറോമിന് ശമ്പള കുടിശ്ശിക അനുവദിക്കാൻ ധനവകുപ്പ് അനുമതി നൽകിയത് വിവാദമായി,. ഇതോടെ താൻ സർക്കാരിനോട് കുടിശ്ശിക ആവശ്യപ്പെട്ടില്ലെന്ന് ചിന്ത ജെറോം വാദിച്ചു. തെളിവുണ്ടെങ്കിൽ കാണിക്കാൻ പറഞ്ഞായിരുന്നു വെല്ലുവിളി. പുതിയ ഉത്തരവ് പുറത്തുവന്നതോടെ ഈ വാദങ്ങളാണ് പൊളിയുന്നത്.
Discussion about this post