തൃശ്ശൂർ: അതിരപ്പള്ളിയിലെ വനവാസി വിഭാഗങ്ങൾക്ക് നടനും, ബിജെപി മുൻ എംപിയുമായ സുരേഷ് ഗോപിയുടെ കാരുണ്യസ്പർശം. രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഊരുകൾക്ക് പല്ലക്ക് മാതൃകയിലുള്ള സ്‌ട്രെച്ചറുകൾ കൈമാറും. റോഡോ, യാത്രാ സൗകര്യമോ ഇല്ലാതെ ഊരിൽ രോഗികൾ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് അദ്ദേഹം രോഗികളെ ചുമന്ന് കൊണ്ടുപോകാൻ പല്ലക്ക് മാതൃകയിലുള്ള സ്‌ട്രെച്ചറുകൾ കൈമാറുന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് പല്ലക്ക് സ്‌ട്രെച്ചറുകൾ സുരേഷ് ഗോപി ഊരുകൾക്ക് സമർപ്പിക്കുക. വെറ്റിലപ്പാറ 13 ൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രദേശത്തെ ബിജെപി നേതാക്കളും പങ്കെടുക്കും.
പ്രധാന റോഡുകളിലേക്ക് എത്താൻ ഊരു നിവാസികൾക്ക് കിലോമീറ്ററുകൾ നടക്കേണ്ട സാഹചര്യമാണ് ഉള്ളത്. ഇത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് രോഗികൾക്കും ഗർഭിണികൾക്കുമാണ്. റോഡ് ഇല്ലാത്തതിനാൽ ആംബുലൻസിനോ മറ്റ് വാഹനങ്ങൾക്കോ ഊരുകളിലേക്ക് എത്തുക പ്രയാസമാണ്. അതിനാൽ സാരിയിലും മറ്റും ചുമന്നാണ് രോഗികളെ ഊരു നിവാസികൾ ആശുപത്രിയിലേക്ക് എത്തിക്കുക.
ഊരുകളിലേക്ക് റോഡുകൾ എന്ന ആവശ്യം കാലാകാലങ്ങളായി പ്രദേശവാസികൾ ഉന്നയിക്കുന്ന പ്രശ്‌നമാണ്. ഊരു നിവാസികളുടെ ദുരിതം നിരവധി തവണ മാദ്ധ്യമങ്ങളിൽ വാർത്തയായി വന്നിട്ടുമുണ്ട്. എന്നാൽ ബന്ധപ്പെട്ട അധികൃതർ ഇതിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഊരുനിവാസികളുടെ പ്രശ്‌നത്തിന് താത്കാലിക പരിഹാരമെന്ന നിലയിൽ പല്ലക്ക് മാതൃകയിലെ സ്‌ട്രെച്ചറുകൾ നൽകാൻ തീരുമാനിച്ചത്.
Discussion about this post