തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ കളക്ടർക്ക് ലഭിച്ച അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് എസ് അയ്യർ. ഒരു ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ദിവ്യ കൈമാറിയത്. സമൂഹമാദ്ധ്യമത്തിൽ ചിത്രങ്ങൾ പങ്കുവച്ച് ദിവ്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രിയ്ക്ക് നേരിട്ടാണ് സമ്മാന തുകയുടെ ചെക്ക് കൈമാറിയത്. ചില ഔദ്യോഗിക യോഗങ്ങൾക്കായി ദിവ്യ തിരുവനന്തുപരത്ത് എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തിരക്കുകൾ കഴിഞ്ഞ ശേഷം ചൊവ്വാഴ്ച വൈകീട്ടോടെ മുഖ്യമന്ത്രിയെ കാണാൻ ഔദ്യോഗിക വസതിയിൽ എത്തുകയായിരുന്നു. ദിവ്യയുടെ മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയുമൊത്ത് അൽപ്പനേരം ചിലവഴിച്ച ശേഷമായിരുന്നു ദിവ്യയും കുടുംബവും മടങ്ങിയത്.
രാജ്യത്തെ മികച്ച കളക്ടർമാർക്കായി ദേശീയ മാദ്ധ്യമമായ ഇന്ത്യൻ എക്‌സ്പ്രസ് നൽകുന്ന ‘എക്‌സലൻസ് ഇൻ ഗുഡ് ഗവർണൻസ്’ പുരസ്‌കാരമാണ് ദിവ്യയ്ക്ക് ലഭിച്ചത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ചടങ്ങിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പുരസ്‌കാരം കൈമാറിയത്. ശബരിമല തീർത്ഥാടനം സുഗമമാക്കാൻ നടത്തിയ പ്രവർത്തനങ്ങളാണ് ദിവ്യയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. ദിവ്യയ്ക്ക് പുറമേ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 403 ജില്ലാ കളക്ടർമാർക്കും പുരസ്‌കാരം ലഭിച്ചു.
Discussion about this post