ശരീരത്തിലെ ക്യാൻസറിന്റെ സാന്നിദ്ധ്യം കണ്ടെത്താൻ ഉറുമ്പുകൾക്ക് സാധിക്കുമെന്ന് പഠനം. മൂത്രത്തിന്റെ മണത്തിൽ നിന്നും ഉറുമ്പുകൾ ക്യാൻസറിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. മൂക്ക് ഇല്ലെങ്കിലും അവയുടെ ആന്റിനയിലെ ഓൾഫാക്ടറി റിസപ്റ്ററുകൾ ഉപയോഗിച്ചാണ് ഗന്ധം പിടിച്ചെടുക്കുന്നത്.
ക്യാൻസറുകൾ വിയർപ്പ്, മൂത്രം തുടങ്ങിയ ശരീരസ്രവങ്ങൾ വഴി ചില രാസവസ്തുക്കൾ പുറന്തള്ളുന്നുണ്ട്. മൂത്രത്തിൽ നിന്ന് ഈ സംയുക്തങ്ങൾ മണത്തെടുക്കാൻ ഉറുമ്പുകൾക്ക് സാധിക്കും. ബയോളജിക്കൽ സയൻസസ് എന്ന ജേണലിലാണ് ഇത് സംബന്ധിച്ചുള്ള കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. രോഗികളിലെ ക്യാൻസർ തിരിച്ചറിയാനുള്ള ചെലവ് കുറഞ്ഞ മാർഗമായി ഇതിനെ ഉപയോഗിക്കാമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
പഠനത്തിന്റെ ഭാഗമായി ബ്രെസ്റ്റ് ക്യാൻസർ ട്യൂമറിന്റെ ഭാഗങ്ങൾ എലികളിൽ വച്ച് പിടിപ്പിച്ചു. പിന്നീട് ഫോർമിക ഫുസ്‌ക വിഭാഗത്തിൽ പെടുന്ന 35 ഉറുമ്പുകളെ മൂത്രം പരീക്ഷിക്കാൻ തിരഞ്ഞെടുത്തു. പ്രത്യേകം പരിശീലനം നൽകിയ ഉറുമ്പുകളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ക്യാൻസറുള്ളതും ക്യാൻസർ ഇല്ലാത്തതുമായ എലികളുടെ മൂത്രം മണക്കാനായി നൽകി.
ക്യാൻസർ പിടിപെട്ട മൃഗങ്ങളുടെ മൂത്രത്തിനൊപ്പം ഒരു തുളളി പഞ്ചസാര വെളളം ഇട്ട് ട്യൂമറുകൾ മണത്ത് കണ്ടെത്താൻ ഉറുമ്പുകളെ ഗവേഷകർ പരിശീലിപ്പിച്ചിരുന്നു. ആരോഗ്യവാന്മാരായ എലികളുടെ മൂത്രത്തെക്കാൾ ക്യാൻസർ ബാധിച്ച എലികളുടെ മൂത്രത്തിന് ചുറ്റുമാണ് ഉറുമ്പുകൾ സമയം ചെലവഴിച്ചത് എന്ന് കണ്ടെത്തി. വൈകാതെ തന്നെ മനുഷ്യ മൂത്രത്തിൽ നിന്ന് ഉറുമ്പുകൾ ഇത്തരത്തിൽ ക്യാൻസർ തിരിച്ചറിയുമോ എന്ന പരീക്ഷണം നടത്താനൊരുങ്ങുകയാണ് ശാസ്ത്രജ്ഞർ.
ഉറുമ്പുകളെ ബയോ ഡിറ്റക്ടറുകളായി ഉപയോഗിക്കാമെന്ന് സോർബൻ പാരിസ് നോർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും പഠന സംഘത്തിലെ അംഗവുമായ പ്രൊഫ.പട്രീസിയ ഡി എറ്റോർ പറഞ്ഞു. ഉറുമ്പുകളെ പരിശീലിപ്പിക്കാനും വളരെ എളുപ്പമാണ്. നായ്ക്കളെ പോലെയുള്ള മൃഗങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് സമയം മാത്രമാണ് പഠിക്കാൻ ഇവയ്ക്കാവശ്യം. ചെലവേറിയ കാര്യമല്ല എന്നതും ഏറെ ഗുണകരമാണെന്നും” അദ്ദേഹം പറഞ്ഞു.
Discussion about this post