തൃശ്ശൂർ: അതിരപ്പള്ളിയിലെ വനവാസി ഊരുകളിൽ പല്ലക്ക് മാതൃകയിലുള്ള സ്‌ട്രെച്ചർ വിതരണം ചെയ്ത് നടനും ബിജെപി മുൻ എംപിയുമായ സുരേഷ് ഗോപി. വെറ്റിലപ്പാറ 13 ൽ സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു അദ്ദേഹം നിർമ്മാണം പൂർത്തിയായ രണ്ട് സ്‌ട്രെച്ചറുകൾ കൈമാറിയത്. കൂടുതൽ സ്‌ട്രെച്ചറുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇവ ഉടനെ കൈമാറും.
ഗോത്ര വിഭാഗത്തിന്റെ കഷ്ടപ്പാടുകൾ പറഞ്ഞ് ഫോറസ്റ്റുകാരാണ് തന്നെ ആദ്യം സമീപിച്ചത് എന്ന് സുരേഷ് ഗോപി പറഞ്ഞു. ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി ഒരുപാട് പ്രവർത്തിക്കാനായി. രാജ്യസഭയിൽ ഗോത്രവിഭാഗങ്ങൾക്കായി ചില മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ഇത് ഗോത്രമേഖലയിലെ ചിലർക്ക് അതിശയമായിരുന്നു. ഇന്ത്യ എന്നും ദാരിദ്രത്തിലാണ് എന്ന് കാണിക്കുന്നതിന് വേണ്ടിയാണ് ഗോത്ര വിഭാഗങ്ങളെ സർക്കാർ എന്നും ഈ ദുരിതക്കയത്തിൽ നിർത്തുന്നത്. ഇത് കാണുമ്പോൾ നമുക്ക് സമാധാനമായി എങ്ങനെ ഉറങ്ങാൻ കഴിയും. അവാർഡ് കിട്ടുന്ന സിനിമയ്ക്ക് വേണ്ടിയുള്ള ആശയങ്ങൾ ആകരുത് ഇവരുടെ ജീവിതങ്ങൾ. അത് വലിയ പാപമാണ്. പരിസ്ഥിതിയ്ക്ക് കോട്ടം വരാത്ത തരത്തിലുള്ള വികസനമാണ് വേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
അമ്മയാകാൻ തയ്യാറാകുന്ന മുഹൂർത്തത്തിൽ പോലും തുണിയിൽ കെട്ടിക്കൊണ്ട് പോകുന്നു എന്നത് മനുഷ്യരാശിയ്ക്ക് തന്നെ തീരാ കളങ്കമണ്. നമ്മുടെ തൊട്ടടുത്തുള്ള ഗോത്ര സമൂഹത്തിന് എന്താണ് ഉണ്ടായത്. ഗോത്രവഭാഗങ്ങളുടെ പ്രശ്‌നങ്ങൾ നാം ഹൃദയം കൊണ്ട് കാണണം. അതിനോട് ക്രിയ ചെയ്യാൻ കഴിയണം. ജനങ്ങൾക്ക് എപ്പോഴും പ്രശ്‌നങ്ങൾക്കുള്ള പരിഹാരം കണ്ടെത്താൻ കഴിയണം.
അട്ടപ്പാടിയിൽ എട്ട് ഊരുകളിലാണ് റോഡ് സൗകര്യം ഇല്ലാത്തത്. അവിടെ ഉടനെ റോഡ് നിർമ്മിക്കണം എന്ന് സർക്കാരിനോട് ആവശ്യപ്പെടരുത്. കാരണം ചില നിർമ്മാണ പ്രവർത്തനങ്ങൾ പ്രകൃതിയ്ക്ക് ദോഷമുണ്ടാക്കും. ഇക്കാരണത്താൽ ആയിരിക്കാം റോഡ് നിർമ്മിക്കാൻ കഴിയില്ലെന്ന് സർക്കാർ പറയുന്നത്. ഇതിനൊരു പ്രതിവിധിയെന്താണ്. തനിക്ക് തോന്നിയത് പല്ലക്കിൽ കൊണ്ട് നടക്കുന്ന ഒരു വരേണ്യ വർഗ്ഗത്തിന്റെ ആ ഒരു സമ്പ്രദായമൊക്കെ കെട്ടടങ്ങിയെങ്കിൽ പല്ലക്കിൽ തോളിലേറ്റിക്കൊണ്ട് നടക്കപ്പെടേണ്ട ഒരു സമൂഹം ഗോത്ര സമൂഹം ആണ്. ഇതേ തുടർന്നാണ് പല്ലക്ക് നൽകാൻ തീരുമാനിച്ചത്.
മരത്തിന്റെ പല്ലക്ക് ആയിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. ദുരിതം അനുഭവിക്കുന്നവരോട് കണ്ണ് നനച്ച് കാണിച്ച് കാര്യമില്ല. അതിന് ഹൃദയം വേണം. ഒരിക്കൽ ഇടമലക്കുടിയിൽ പോയപ്പോൾ അവിടെ ശുചിമുറിയുണ്ടാക്കി നൽകുമെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് കേട്ട ചങ്കന്മാർ ഇനി ഇങ്ങോട്ട് വരേണ്ടെന്നും, തങ്ങൾ ശുചി മുറി നിർമ്മിച്ച് നൽകുന്നുണ്ടെന്നും കളക്ടറുടെ ഓഫീസ് വഴി മറുപടി നൽകി. അങ്ങനെയെങ്കിലും ചങ്കന്മാർക്ക് ചങ്കുറപ്പ് കാണിക്കാൻ കഴിഞ്ഞല്ലോ എന്ന് ഓർത്ത് സമാധാനിച്ചു. എന്നാൽ ഈ വാക്ക് പാലിക്കപ്പെട്ടോയെന്ന കാര്യം പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












