വാഷിംഗ്ടൺ: കുറച്ച് ദിവസങ്ങളായി ടെക് ഭീമൻ ഗൂഗിളിൽ കൂട്ടപിരിച്ചുവിടൽ വ്യാപകമാവുകയാണ്. ആയിരവും രണ്ടായിരവും ഒക്കെ എണ്ണം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ഒന്ന് കണ്ണടച്ചു തുറക്കും മുൻപേ ജോലി നഷ്ടപ്പെട്ട ഒട്ടേറേ ഗൂഗിൾ ജീവനക്കാർ തങ്ങളുടെ വിഷമം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അത്തരത്തിൽ പെട്ടെന്ന് കാരണം പോലും പറയാതെ ജോലിയിൽ നിന്ന് തന്നെ പിരിച്ചവിട്ട കഥ പങ്കുവച്ചിരിക്കുകയാണ് ഗൂഗിളിലെ എഞ്ചിനീയറായ ടോമി യോർക്ക്.
2021 ലാണ് ടോമിയെ ഗൂഗിൾ ജോലിക്കെടുക്കുന്നത്. വളരെ ആവേശപൂർവ്വം അവൻ ജോലി ആരംഭിച്ചു. എന്നാൽ അതിന്റെ ഇടയ്ക്ക് അർബുദ ബാധിതയായ ടോമിയുടെ അമ്മയുടെ ആരോഗ്യനില വഷളായി. ടോമി അവധിയെടുത്ത് അമ്മയുടെ അരികിലേക്ക് എത്തി. താമസിയാതെ ടോമിയുടെ അമ്മ മരണപ്പെട്ടു. അമ്മ മരിച്ച് ചടങ്ങുകൾ എല്ലാം നടത്തി അവൻ പെട്ടെന്ന് തന്നെ ജോലിക്കു കയറി. എന്നാൽ ദിവസങ്ങൾക്കുള്ളിൽ അവനെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. എന്താണ് പുറത്താക്കാനുണ്ടായ കാരണമെന്നോ, എന്ത് തെറ്റാണ് താൻ ചെയ്തതെന്നോ ഗൂഗിൾ വ്യക്തമാക്കിയിട്ടില്ലെന്ന് ടോമി യോർക്ക് പറയുന്നു.
‘കഴിഞ്ഞയാഴ്ച ഗൂഗിൾ എന്നെ പിരിച്ചുവിട്ടു. അമ്മ മരിച്ചതിന്റെ അവധിക്കുശേഷം ജോലിക്കുകയറി നാലാംനാൾ ആയിരുന്നു ഇത് സംഭവിച്ചത്. ഇപ്പോൾ ആകെ തകർന്ന് നിരാശനായ അവസ്ഥയിലാണ്. ഗർഭിണിയായ യുവതിയെ അടക്കം പിരിച്ചുവിട്ട കഥകൾ കേട്ടിട്ടുണ്ട്. പക്ഷേ, നേരിട്ട് അനുഭവിച്ചപ്പോൾ മുഖത്തേറ്റ അടിയായി തോന്നി. നമ്മൾ തകർന്നിരിക്കുമ്പോൾ അടി കിട്ടുന്നതിന് തുല്യമാണിതെന്ന് ‘ടോമി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഗൂഗിൾ മാതൃകമ്പനിയായ ആൽഫബെറ്റിൽ 12,000 പേരെ പിരിച്ചുവിടുമെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ആകെ തൊഴിലാളികളുടെ ആറ് ശതമാനത്തെയാണ് കമ്പനി പിരിച്ചുവിടുന്നത്.അതേസമയം ട്വിറ്ററും ആമസോണും കൂട്ടപ്പിരിച്ചുവിടൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തിന് ശേഷം നടപടികൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post