ന്യൂഡൽഹി: കർണാടകയിലെ അനധികൃത ഫാം ഹൗസിൽ റവന്യൂ ഇന്റലിജൻസ് വിഭാഗവും വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ 139 അപൂർവയിനം ജീവികളെ കണ്ടെടുത്തു. 48 ജന്തുവംശങ്ങളിൽ പെടുന്ന ജീവികളെയാണ് കണ്ടെടുത്തത്. ഇവയിൽ 34 എണ്ണത്തിനെ അന്താരാഷ്ട്ര സസ്യ-ജന്തുജാല കൺവെൻഷൻ സംരക്ഷിത വിഭാഗങ്ങളായി പ്രഖ്യാപിച്ച് കൈമാറ്റം നിരോധിച്ചവയാണ്.
ജനുവരി 22ന് ബാങ്കോക്കിൽ നിന്നും വന്ന മൂന്നംഗ അന്താരാഷ്ട്ര ജന്തുക്കടത്തുകാരെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഡി ആർ ഐ പിടികൂടിയിരുന്നു. ഇവരിൽ നിന്നും 18 സംരക്ഷിത ജന്തുക്കളെയും കണ്ടെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നത്തെ പരിശോധന.
മഞ്ഞത്തലയൻ അനാക്കോണ്ട, പച്ചത്തലയൻ അനാക്കോണ്ട, മഞ്ഞത്തലയൻ ആമസോൺ തത്ത, ചുവന്ന കാലൻ ആമ, ഇഗ്വാനകൾ, ബാൾ പെരുമ്പാമ്പുകൾ, ചീങ്കണ്ണി, യാകി കുരങ്ങ്, അപൂർവയിനം ഓന്ത്, റാക്കൂൺ എന്നീ ജന്തുക്കളെയാണ് പരിശോധക സംഘം പിടിച്ചെടുത്തത്. ഇവയെ വിൽപ്പനക്ക് സൂക്ഷിച്ചിരിക്കുകയായിരുന്നു. അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം കൈമാറ്റം കർശനമായി നിരോധിച്ചിരിക്കുന്ന ഈ ജീവികളെ പിന്നീട് ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുകയാണ്.
Discussion about this post