തിരുവനന്തപുരം: സ്‌കൂൾ പരിസരങ്ങളിലെ കടകളിലും മറ്റും വിൽപന നടത്തുന്ന മിഠായികൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നുണ്ടെന്നും വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ. ഗുണനിലവാരമില്ലാത്ത മിഠായികൾ സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ വിൽപന നടത്തുന്നത് സംബന്ധിച്ച് വ്യാപക പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കർശനമാക്കിയിട്ടുണ്ട്.
കിഴക്കഞ്ചേരി മൂലങ്കോട് സ്‌കൂളിൽ മിഠായി കഴിച്ച് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിന് പിന്നാലെ പരിസരത്തെ കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത മിഠായികൾ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾ സ്‌കൂൾ പരിസരങ്ങളിലും മറ്റുമുള്ള കടകളിൽ നിന്ന് മിഠായികൾ വാങ്ങുമ്പോൾ കൃത്യമായ ലേബൽ വിവരങ്ങൾ രേഖപ്പെടുത്തിയവ മാത്രം വാങ്ങാൻ ശ്രദ്ധിക്കണമെന്നും അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. കൃത്രിമ നിറങ്ങൾ, നിരോധിത നിറങ്ങൾ തുടങ്ങിയവയുള്ള മിഠായികൾ ഉപയോഗിക്കാതിരിക്കുക, മിഠായികളുടെ ലേബലിൽ പായ്ക്ക് ചെയ്ത തീയതി, എക്‌സ്പയറി ഡേറ്റ് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കുക. ഭക്ഷ്യസുരക്ഷാ ലൈസൻസ് നമ്പർ രേഖപ്പെടുത്തിയ ലേബലിലുള്ള മിഠായികൾ മാത്രം വാങ്ങുക. റോസ്, പിങ്ക് തുടങ്ങിയ നിറത്തിലുള്ള പഞ്ഞി മിഠായികൾ കഴിക്കരുത്. നിരോധിത ഫുഡ് കളർ ചേർത്തുണ്ടാക്കുന്ന ഇത്തരം പഞ്ഞി മിഠായികൾ ആരോഗ്യത്തിന് ഹാനികരമാണെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദേശിക്കുന്നു.
Discussion about this post