തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം ചെയ്ത ഉദ്യോഗസ്ഥർക്ക് സമ്മാനമായി സ്വർണം നൽകാനുള്ള തീരുമാനം പിൻവലിച്ച് സപ്ലൈകോ. വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പിൻവാങ്ങൽ. ഒരു ഗ്രാം, അര ഗ്രാം വീതമുള്ള സ്വർണ നാണയങ്ങൾ നൽകാൻ ആയിരുന്നു തീരുമാനം.
സപ്ലൈകോ മേഖല, അസിസ്റ്റന്റ് മേഖലാ മാനേജർമാർ, ഡിപ്പോ മാനേജർമാർ എന്നിവർക്കായിരുന്നു സ്വർണം നൽകുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ ഇതിനെ എതിർപ്പ് റേഷൻ വ്യാപാരികളും, ഒരു വിഭാഗം സപ്ലൈകോ ജീവനക്കാരും രംഗത്ത് എത്തി. ഇതോടെയാണ് തീരുമാനം പിൻവലിക്കാൻ സപ്ലൈകോ നിർബന്ധിമായത്. കൊറോണ കാലത്ത് ഭക്ഷ്യകിറ്റ് വിതരണം ചെയ്തതിനുള്ള തുക ഇതുവരെ കമ്മീഷൻ നൽകിയിട്ടില്ല. ഇതിനിടെ ഉദ്യോഗസ്ഥർക്ക് സ്വർണം കൊടുക്കാൻ തീരുമാനിച്ചത് ആണ് വിവാദത്തിലായത്. ഇക്കാര്യം ഉന്നയിച്ച് സിഐടിയു മുഖ്യമന്ത്രിയ്ക്ക് പരാതിയും നൽകിയിരുന്നു.
സപ്ലൈകോ മേഖലാ, അസിസ്റ്റന്റ് മേഖലാ മാനേജർമാർക്ക് ഒരു ഗ്രാം സ്വർണവും, ഡിപ്പോ മാനേജർമാർക്ക് അര ഗ്രാം സ്വർണവും വീതമായിരുന്നു നൽകാൻ തീരുമാനിച്ചിരുന്നത്. സപ്ലൈകോയുടെ ഓണം സമ്മാനമഴ വിജയികൾക്കുള്ള സ്വർണം വിതരണം ചെയ്യുന്ന വേളയിൽ ഇവർക്കുള്ള സ്വർണവും വിതരണം ചെയ്യാൻ ആയിരുന്നു നീക്കം. എന്നാൽ എതിർപ്പുയർന്നതോടെ വിജയികൾക്കുള്ള സ്വർണം മാത്രം പരിപാടിയിൽ വിതരണം ചെയ്താൽ മതിയെന്നാണ് തീരുമാനം. കൊറോണ കാലത്ത് ഭക്ഷ്യകിറ്റ് വിതരണം ചെയ്ത വകയിൽ 55 കോടി രൂപയാണ് റേഷൻവ്യാപാരികൾക്ക് കമ്മീഷനായി നൽകാനുള്ളത്.
Discussion about this post