കൊച്ചി: വാഴക്കുല രചിച്ചത് വൈലോപ്പിളിയാണെന്ന പരാമർശമുള്ള ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം റദ്ദാക്കണമെന്ന് ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴ. തെറ്റ് തിരുത്തി ചിന്ത പുതിയ പ്രബന്ധം സമർപ്പിക്കട്ടെ എന്നും ലളിത ചങ്ങമ്പുഴ പറഞ്ഞു. ” ചങ്ങമ്പുഴയുടെ കൃതി വൈലോപ്പിളിയുടെ പേരിൽ പരാമർശിക്കപ്പെട്ട സംഭവത്തിൽ പൊറുക്കാനാകാത്ത പിഴവാണ് ഗൈഡിന് സംഭവിച്ചത്.
സാധാരണക്കാർക്ക് തെറ്റ് പറ്റുന്നത് പോലെയല്ല ഇത്. ഗൈഡും ഡോക്ടറേറ്റ് നൽകിയവരും എല്ലാം ഈ സംഭവത്തിൽ ഒരേ പോലെ കുറ്റക്കാരാണ്. മനപൂർവ്വം ചെയ്തതായിരിക്കില്ല. എങ്കിലും ഗൗരവത്തോടെ ചെയ്യേണ്ട കാര്യമാണല്ലോ ഗവേഷണവും പ്രബന്ധം തയ്യാറാക്കലും എല്ലാം. ഈ വിവാദം ഉണ്ടായതിന് ശേഷം ചിന്തയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും” ലളിത പറയുന്നു.
കേരള സർവ്വകലാശലാ പ്രോ വൈസ് ചാൻസലറായിരുന്ന ഡോ.പി.പി.അജയകുമാറിന്റെ മേൽനോട്ടത്തിലായിരുന്നു ചിന്ത ഗവേഷണം പൂർത്തിയാക്കിയത്. വാഴക്കുല ബൈ വൈലോപ്പിള്ളി എന്നാണ് ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ആദ്യ അദ്ധ്യായത്തിൽ തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തേയും മികച്ചതും ഏറെ ജനപ്രിയവുമായ കവിതകളിലൊന്നാണ് ചങ്ങമ്പുഴയുടെ വാഴക്കുല. നവലിബറൽ കാലത്തെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്ന വിഷയത്തിലാണ് ചിന്ത ഗവേഷണം നടത്തിയത്. ഇംഗ്ലീഷ് സാഹിത്യവും ഭാഷയും എന്ന വകുപ്പിന് കീഴിലായിരുന്നു പഠനം.
Discussion about this post