കൊച്ചി: ഭീകരസംഘടനകളുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകരെ ചോദ്യം ചെയ്ത് ദേശീയ അന്വേഷണ ഏജൻസി. പ്രമുഖ മാദ്ധ്യമ സ്ഥാപനങ്ങളിലേത് അടക്കം ആറ് മാദ്ധ്യമ പ്രവർത്തകരെയാണ് എൻഐഎ സംഘം ചോദ്യം ചെയ്തത്. കൊച്ചിയിലെ എൻഐഎ ഓഫീസിൽ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്. ദേശവിരുദ്ധ സംഘടനകളുമായി ഇവർ ബന്ധപ്പെട്ടതായി എൻഐഎ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് സ്ഥിരീകരിക്കുന്ന രേഖകളടക്കം ഇവരുടെ ഫോണിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
നേരത്തെ മുതൽ ഈ മാദ്ധ്യമ പ്രവർത്തകർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവർ നിരോധിത തീവ്രവാദ സംഘടനകളുമായും കമ്മ്യൂണിസ്റ്റ് ഭീകരരുമായും ബന്ധപ്പെടുന്നുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവരെ നിരീക്ഷണത്തിലാക്കിയത്. ഇവരുടെ ലിസ്റ്റ് തയ്യാറാക്കി എൻഐഎ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ മാദ്ധ്യമപ്രവർത്തകരെ ചോദ്യം ചെയ്തത്. വരും ദിവസങ്ങളിലും ഇവരെ ചോദ്യം ചെയ്യുമെന്നും, ശക്തമായ തെളിവുകൾ ഉള്ളതിനാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് കടന്നേക്കുമെന്നുമാണ് വിവരം.
2018 മുതൽ വിവിധ കേന്ദ്ര ഏജൻസികൾ ഒരു വിഭാഗം മാദ്ധ്യമ പ്രവർത്തകരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അന്വേഷണ പരിധിയിലുള്ള ചിലർ കാസർകോട് നിന്ന് സിറിയയിലെത്തി ഭീകരസംഘടനയായ ഐഎസിൽ ചേർന്ന അബ്ദുള്ള റാഷിദുമായി ബന്ധപ്പെട്ടിരുന്നു. ഐഎസ് റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി റാഷിദ് അയച്ചിട്ടുള്ള ടെലഗ്രാം സന്ദേശങ്ങളിൽ ചില മാദ്ധ്യമ പ്രവർത്തകരുടെ പേരുകൾ പറഞ്ഞിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
Discussion about this post