കൊച്ചി: കൊച്ചിയിലെ പെറ്റ് ഷോപ്പിൽ നിന്ന് നായക്കുട്ടിയെ മോഷ്ടിച്ചവർക്കായി അന്വേഷണം. 15,000 രൂപ വിലയുള്ള നായക്കുട്ടിയെ ആണ് യുവാവും യുവതിയും കൂടി ഹെൽമെറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വൈറ്റിലയിലുള്ള മറ്റൊരു പെറ്റ് ഷോപ്പിൽ നിന്ന് ഇവർ നായക്കുള്ള തീറ്റയും മോഷ്ടിച്ചിട്ടുണ്ട്. സംഭവത്തിൽ പനങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. പൂച്ചയെ വാങ്ങാനെന്ന വ്യാജേനയാണ് യുവാവും യുവതിയും കൂടി നെട്ടൂരിലുളള പെറ്റ് ഷോപ്പിലെത്തിയത്. കടയിൽ ജീവനക്കാരന്റെ ശ്രദ്ധ മാറിയപ്പോഴാണ് നായ്ക്കുട്ടിയെ എടുത്ത് യുവാവിന്റെ കൈവശമുള്ള ഹെൽമെറ്റിലേക്ക് വച്ചത്. സംഭവത്തിന് രണ്ട് ദിവസം മുൻപാണ് ഇടപ്പള്ളി സ്വദേശിയിൽ നിന്ന് കടയുടമ നായ്ക്കുട്ടികളെ വാങ്ങിയത്. നായ്ക്കുട്ടികളുടെ കച്ചവടം പറഞ്ഞുറപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മോഷണം പോയത്.
യുവാവും യുവതിയും കടയിൽ നിന്ന് പോയതിന് ശേഷം കച്ചവടം പറഞ്ഞുറപ്പിച്ചിരുന്ന ആൾ എത്തിയപ്പോഴാണ് ഒരെണ്ണത്തിനെ കാണാനില്ലെന്ന വിവരം ശ്രദ്ധിക്കുന്നത്. ഓടിപ്പോയെന്നായിരുന്നു നിഗമനം. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവാവും യുവതിയും ചേർന്ന് എടുത്തു കൊണ്ട് പോയതാണെന്ന് മനസിലാകുന്നത്. പിന്നീടുള്ള അന്വേഷണത്തിലാണ് മറ്റൊരു ഷോപ്പിൽ നിന്ന് നായക്കുള്ള തീറ്റയും മോഷ്ടിച്ചെന്ന് വ്യക്തമാകുന്നത്. കടയുടമ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Discussion about this post