തിരുവനന്തപുരം: രണ്ടാഴ്ച മുൻപ് കേരളത്തിലെത്തിയ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനും കുടുംബത്തിനും ഒരു നേരത്തെ ഭക്ഷണത്തിന് മാത്രം കേരളത്തിന്റെ ഖജനാവിൽ നിന്ന് സർക്കാർ ചിലവാക്കിയത് 37,996 രൂപ. ജനുവരി 16 ന് കേരളത്തിലെത്തിയ ജാർഖണ്ഡ് മുഖ്യമന്ത്രിക്കും കുടുംബത്തിനും മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ ഉച്ചഭക്ഷണത്തിന്റെ ബില്ലാണിത്. തിരുവനന്തപുരം ഹയാത്ത് റീജൻസിയിലായിരുന്നു വിരുന്ന്.
ഹയാത്ത് റീജൻസി നൽകിയ ഉച്ചഭക്ഷണ ബില്ല് പാസാക്കി പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് പുറത്ത് വന്നതോടെ ഇക്കാര്യം സോഷ്യൽ മീഡിയയിലും ചർച്ചയായിരിക്കുകയാണ്. കോൺഗ്രസ് നേതാവ് കൂടിയായ അഡ്വ. വീണ എസ് നായർ ഉത്തരവിന്റെ കോപ്പി ഫേസ്ബുക്കിൽ പങ്കുവെച്ചു.
ഹേമന്ദ് സോറന്റേത് സൗഹൃദ സന്ദർശനമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വിരുന്നിന്റെ ചിത്രമടക്കം നേരത്തെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ഔദ്യോഗിക സന്ദർശനം അല്ലാതിരുന്നിട്ടും എന്തിനാണ് ഇത്രയും തുക പൊതുഖജനാവിൽ നിന്ന് ചിലവഴിച്ചതെന്ന ചോദ്യമാണ് ഉയരുന്നത്. തിരുവനന്തപുരത്ത് തന്നെ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ അതിഥികളെ സൽക്കരിക്കാനും ഉച്ചവിരുന്ന് ഒരുക്കാനും ഹൈ ക്ലാസ് സൗകര്യമുളള നിരവധി കേന്ദ്രങ്ങൾ ഉണ്ടെന്നിരിക്കെയാണ് സ്വകാര്യ ഹോട്ടലിലെ ഈ ധൂർത്ത്.
കേരളത്തിലെ ടൂറിസം സാദ്ധ്യതകളെക്കുറിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രിയോട് വിശദീകരിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസും ചീഫ് സെക്രട്ടറി വി.പി ജോയിയും ടൂറിസം സെക്രട്ടറി കെഎസ് ശ്രീനിവാസും വിരുന്നിൽ പങ്കെടുത്തിരുന്നു. കേരളത്തിന്റെ ടൂറിസം മേഖലയെക്കുറിച്ചും അതിന്റെ സാദ്ധ്യതകളെക്കുറിച്ചും ഹേമന്ദ് സോറന് മുൻപിൽ ടൂറിസം സെക്രട്ടറി അവതരിപ്പിച്ചതായാണ് സർക്കാരിന്റെ ന്യായീകരണം. എന്നാൽ അതുകൊണ്ട് എന്ത് നേട്ടമെന്ന ചോദ്യവും ബാക്കിയാകുകയാണ്.
Discussion about this post