കണ്ണൂർ: യുവജനകമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന് പിന്തുണയുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വളർന്നു വരുന്ന ഒരു യുവ വനിതാ നേതാവിനെ, ഒരു മഹിളാ നേതാവിനെ മന:പൂർവ്വം സ്ഥാപിത ലക്ഷ്യങ്ങൾ വെച്ചുകൊണ്ട് വേട്ടയാടുകയാണെന്ന് ഇ പി ജയരാജൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇപി ജയരാജൻ ചിന്തയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
യുവജനകമ്മീഷന്റെ അഭിനന്ദനീയമായ പ്രവർത്തനങ്ങൾ കണ്ട്, സാമൂഹ്യ രാഷ്ട്രീയ സാസംസ്‌കാരിക രംഗത്ത് നടത്തുന്ന ഇടപെടലുകൾ കണ്ട് അസഹിഷ്ണരായ ആളുകൾ ചിന്ത ജെറോമിനെ വ്യക്തിഹത്യ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വളർന്നുവരുന്ന നേതൃത്വത്തെ മാനസീകമായി തളർത്തി ഇല്ലാതാക്കി കളയാമെന്നത് ഒരു കോൺഗ്രസ് അജണ്ടയാണ്. സിപിഐഎമ്മിന്റെ ഭാഗമായി നേതൃനിരയിലേക്ക് വളർന്നു വരുന്ന ആളുകളെ ഒരോരുത്തരേയും തെരെഞ്ഞുപിടിച്ച് അക്രമിക്കുക, അതിലൂടെ അവരുടെ രാഷ്ട്രീയപരമായ വളർച്ചയെ തടയുക എന്നതൊക്കെ ഈ അജണ്ടയിൽ വരും. ഇത് അങ്ങേയറ്റം അപലപനീയമാണെന്ന് ഇപി ചൂണ്ടിക്കാട്ടി.
തെറ്റുകൾ വന്നുചേരാത്തവരായി ആരുമില്ല മനുഷ്യരിൽ. ഒരുപാട് ശരികൾ ചെയ്യുന്നതിനിടയിൽ അറിയാതെ ചില പിഴവുകൾ വന്നുചേരാം. അതെല്ലാം മനുഷ്യസഹജമാണ്. എഴുത്തിലും വാക്കിലും പ്രയോഗങ്ങളിലും എല്ലാം തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ?. ഇത്തരത്തിലുള്ള കാര്യങ്ങളെ മനുഷ്യത്വപരമായി സമീപിക്കാതെ അതിനെ ഉപയോഗിച്ച് അവരെ ആക്രമിക്കുക എന്നതാണ് ചിന്തക്ക് നേരെ നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വ്യക്തിഹത്യയിലൂടെ നേതൃപദവിയിലേക്ക് വളർന്നുവരുന്നവരെ ദുർബലപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കം ഉപേക്ഷിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post