തിരുവനന്തപുരം: സംസ്ഥാന യുവജനകമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ പ്രബന്ധം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും, കേരള സർവ്വകലാശാല വിസിയ്ക്കുമാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ പരാതി നൽകിയത്. നേരത്തെ പ്രബന്ധം പുന:പരിശോധിക്കണമെന്ന് സർവ്വകലാശാലയോട് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
ചിന്തയുടെ ഗവേഷണ പ്രബന്ധത്തിൽ വസ്തുതാപരമായ നിരവധി പിഴവുകൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഗവേഷണ പ്രബന്ധം കോപ്പി അടിച്ചതാണെന്ന കണ്ടെത്തലും പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കമ്മിറ്റി ഗവർണർക്കും സർവ്വകലാശാലയ്ക്കും പരാതി നൽകിയത്. സർവ്വകലാശാല പ്രോ വി.സിയായിരുന്ന ഡോ. അജയകുമാറായിരുന്നു ചിന്തയുടെ ഗൈഡ്. അദ്ദഹത്തിന്റെ ഗൈഡ്ഷിപ്പ് സസ്‌പെൻഡ് ചെയ്യണമെന്നും പരാതിയിൽ ആവശ്യമുണ്ട്.
കവി ചങ്ങമ്പുഴ കൃഷ്ണ പിള്ളയുടെ പ്രശസ്ത കവിതയായ വാഴക്കുല വൈലോപ്പിള്ളി ശ്രീധരമേനോന്റെയാണെന്നാണ് ചിന്ത ചെറോം ഗവേഷണ പ്രബന്ധത്തിൽ എഴുതിയിരുന്നത്. കവിയുടെ പേരും ചിന്ത തെറ്റായിട്ട് ആയിരുന്നു രേഖപ്പെടുത്തിയത്. ഇതിൽ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയായിരുന്നു പ്രബന്ധം കോപ്പിയടിച്ചതാണെന്ന് കണ്ടെത്തിയത്.
നവലിബറൽ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്ന വിഷയത്തിൽ ആയിരുന്നു ചിന്ത ജെറോമിന്റെ ഗവേഷണം. 2010 ഒക്ടോബർ 17ന് ‘ബോധി കോമൺസ്’ എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ‘ദ മൈൻഡ് സ്പെയ്സ് ഓഫ് മെയിൻ സ്ട്രീം മലയാളം സിനിമ’ എന്ന ലേഖനത്തിലെ ആശയമാണ് ചിന്ത ഗവേഷണത്തിൽ പകർത്തിയിരിക്കുന്നത് എന്നാണ് കണ്ടെത്തൽ.
Discussion about this post