കൊച്ചി; ചിന്ത ജെറോമിന്റെ വിവാദ ഗവേഷണ പ്രബന്ധത്തെ പരിഹസിച്ച് സാംസ്‌കാരിക നായകരും. ഒരുപ്രോ വൈസ് ചാൻസലറാവാൻ എന്താ വഴി? ഒന്ന് രണ്ട് ചെങ്ങായിമാർക്ക് ഡോക്ടറേറ്റ് കൊടുക്കാനാണെന്ന് ആയിരുന്നു സംവിധായകനും നടനുമായ ജോയ് മാത്യുവിന്റെ വാക്കുകൾ. സാമൂഹ്യ നിരീക്ഷകൻ അഡ്വ. എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റിലൂടെയാണ് ജോയ് മാത്യു ചിന്തയെ ട്രോളിയത്. എംഎൻ കാരശേരി ഉൾപ്പെടെയുളളവർ പൊട്ടിച്ചിരിയുടെ സ്‌മൈലികളുമായി കമന്റിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.
ചിന്ത ജെറോമിന്റെ ഗവേഷക ഗൈഡ് ആയിരുന്ന ഡോ. പിപി അജയകുമാറിന്റെ ചിത്രം സഹിതം ഓരോ ഗവേഷകയ്ക്കും അവരർഹിക്കുന്ന ഗൈഡിനെ ലഭിക്കുമെന്നും ഓരോ സർവകലാശാലയ്ക്കും അതർഹിക്കുന്ന ‘പ്രോ’ വിസിയെ ലഭിക്കുമെന്നും ജയശങ്കർ പരിഹസിച്ചിരുന്നു. ഈ പോസ്റ്റിന് താഴെയായിരുന്നു ജോയ് മാത്യുവിന്റെ കമന്റ്.
സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലും ജോയ് മാത്യു ചിന്തയെ പരിഹസിച്ച് അഭിപ്രായം കുറിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ ചെഗുവേര കുഞ്ഞൻമാർ വാഴ നട്ടത് ഈ പ്രബന്ധത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാകുമെന്നാണ് ജോയ് മാത്യു പരിഹസിക്കുന്നത്.
ഇപ്പോഴാണ് എന്റെ ചിന്തയിൽ അഗ്‌നി നക്ഷത്രം ഉദിച്ചത് എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്.
മാസങ്ങൾക്ക് മുൻപ് ഒരു കാര്യവുമില്ലാതെ ചെഗുവേര കുഞ്ഞന്മാർ വയനാട് എംപി രാഹുൽ ഗാന്ധി സ്ഥലത്തില്ലാത്ത തക്കം നോക്കി അദ്ദേഹത്തിന്റെ ഓഫീസിൽ വാഴ നട്ടതിന്റെ പിന്നിലെ പ്രത്യയശാസ്ത്രപരമായ അവബോധം നേടിയത് യുവജനക്ഷേമിയുടെ ചങ്ങമ്പുഴ വാഴക്കുല പ്രബന്ധത്തിൽ നിന്നാണ് എന്നത് ഞാൻ മനസ്സിലാക്കാതെ പോയെന്ന് ജോയ് മാത്യു കുറിച്ചു.
അധികാരക്കൊതിയന്മാരായ തിരുത പ്രൊഫസറന്മാർ പഠിപ്പിക്കുന്ന (?)പിള്ളേർ വാഴുന്ന നാട്ടിൽ ഒരു വാഴക്കുല അടിച്ചെടുത്തത് എങ്ങിനെയാണ് ഒരു തെറ്റായി കാണാൻ കഴിയുക ? എന്ന് ചോദിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പിഎച്ച്ഡിക്കായുളള ഗവേഷക പ്രബന്ധത്തിൽ വാഴക്കുല എഴുതിയത് വൈലോപ്പിളളിയാണെന്ന് ആണ് ചിന്ത എഴുതിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മാദ്ധ്യമങ്ങളിലൂടെ ഇത് പുറത്തുവന്നത്. പ്രബന്ധത്തിലെ വാചകങ്ങൾ കോപ്പിയടിയാണെന്നും തെളിവുകൾ സഹിതം പുറത്തുവന്നിരുന്നു.












