കോഴിക്കോട് : കോഴിക്കോട് കല്യാണ വീട്ടിൽ കൂട്ടത്തല്ല്. വരന്റെ ആളുകൾ വധുവിന്റെ വീട്ടിലെത്തി പടക്കം പൊട്ടിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. മേപ്പയ്യൂരിലാണ് സംഭവം. വിവാഹവീട്ടിലെ കൂട്ടത്തല്ലിന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
തിങ്കളാഴ്ചയാണ് സംഭവം നടന്നത്. വടകര വല്യപ്പള്ളിയിൽ നിന്ന് വരന്റെയൊപ്പം എത്തിയവർ വധുവിന്റെ വീട്ടിൽ പടക്കം പൊട്ടിക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന വധുവിന്റെ വീട്ടുകാർ ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ വാക്കുതർക്കമാണ് കയ്യാങ്കളിയിൽ എത്തിയത്. ആദ്യം വഴക്കുണ്ടായെങ്കിലും വീട്ടുകാർ ഇടപെട്ട് അത് പരിഹരിച്ചു. എന്നാൽ വീണ്ടും വാക്കേറ്റമായതോടെ അത് കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു.
നാട്ടുകാർ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കുകയായിരുന്നു. പരാതി നൽകാതിരുന്നതിനാൽ പോലീസ് കേസെടുത്തില്ല.
Discussion about this post