കൊച്ചി: പെറ്റ് ഷോപ്പിൽ നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ച കേസിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ പിടിയിൽ. നെട്ടൂരിലുള്ള പെറ്റ് ഷോപ്പിൽ നിന്ന് 15,000 രൂപ വില വരുന്ന നായക്കുട്ടിയെ ഹെൽമറ്റിൽ കടത്തിയവരാണ് പിടിയിലായത്. വിദ്യാർത്ഥകളായ നിഖിലിനെയും ശ്രേയയെയും കർണാടകയിലെ കർക്കലയിൽ നിന്നാണ് പോലീസ് പിടികൂടിയത്. 45 ദിവസം പ്രായമുള്ള പട്ടിക്കുട്ടിയെയും ഇവരുടെയടുത്ത് നിന്ന് കണ്ടെടുത്തു. കർണാടകയിൽ ഒരുമിച്ച് താമസിച്ച് പഠിക്കുകയാണ് 23 കാരായ നിഖിലും ശ്രേയയും.
ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. നെട്ടരൂരിലെ പെറ്റ് ഷോപ്പിൽ നിന്ന് നായക്കുട്ടിയെ കടത്തിയതിന് പിന്നാലെ വൈറ്റിലയിലുള്ള മറ്റൊരു പെറ്റ് ഷോപ്പിൽനിന്ന് ഇരുവരും ഡോഗ് ഫുഡ് മോഷ്ടിച്ചിരുന്നു. മറ്റൊരു കടയിൽ മോഷണത്തിന് ശ്രമിക്കുന്നതിനിടെ ഉടമ വന്നതിനാൽ 115 രൂപ ഗൂഗിൾ പേ ചെയ്ത് മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു.
ആലപ്പുഴ സ്വദേശിക്ക് വിൽക്കാനായി സ്വിഫ്റ്റ് ഇനത്തിൽ പെട്ട മൂന്ന് നായക്കുട്ടികളെയാണ് പെറ്റ് ഷോപ്പ് ഉടമ കടയിലെത്തിച്ചത്. ജീവനക്കാരൻ അറിയാതെ ഇവർ 45 ദിവസം പ്രായമായ നായക്കുട്ടിയെ എടുത്ത് ഹെൽമറ്റിൽ ഒളിപ്പിക്കുകയായിരുന്നു. ഇരുവരും പോയതിനു പിന്നാലെ നായക്കുട്ടിയെ വാങ്ങിക്കുന്നതിന് ആലപ്പുഴ സ്വദേശി എത്തിയപ്പോഴാണ് ഒരെണ്ണത്തിനെ കാണാനില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഓടിപ്പോയെന്ന നിഗമനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താതിനെ തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. മോഷണദൃശ്യങ്ങൾ കണ്ടതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
Discussion about this post