കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിലെ ലഹരി കടത്ത് കേസിൽ രണ്ട് പേരെ കൂടി പ്രതി ചേർത്ത് പോലീസ്. സിപിഎം നേതാവായ ഷാനവാസിന്റെ പക്കൽ നിന്നും ലോറി വാടകയ്ക്ക് എടുത്ത ഇടുക്കി സ്വദേശി ജയൻ, മറ്റൊരു ലോറിയുടെ ഉടമയായ അൻസർ എന്നിവരെയാണ് പ്രതി ചേർത്തത്. അതേസമയം ലഹരിക്കടത്ത് കേസിൽ ഷാനവാസ് ഹാജരാക്കിയ വാടകക്കരാർ വ്യാജമല്ലെന്നാണ് പൊലീസ് വാദം. കേസിൽ ഷാനവാസിനെതിരെ തെളിവുകൾ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറയുന്നു.
തൗസീഫ്, ജയൻ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ എന്നാണ് പോലീസ് പറയുന്നത്. ജയനാണ് കർണാടകയിൽ നിന്ന് പാൻമസാല കേരളത്തിലേക്ക് എത്തിച്ചത്. പ്രതികൾ ഇതിന് മുൻപും പല തവണ പാൻമസാല കടത്തിയിരുന്നതായും പോലീസ് പറയുന്നു. തന്റെ ലോറി വാടകയ്ക്ക് നൽകിയിരിക്കുകയാണെന്നാണ് അൻസർ പോലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ ഇതിന്റെ രേഖകൾ ഹാജരാക്കാൻ സാധിക്കാതെ വന്നതോടെയാണ് ഇയാളേയും പ്രതി ചേർത്തത്. അൻസറും ജയനും ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസമാണ് 98 ചാക്കുകളിലായി കടത്താൻ ശ്രമിച്ച ഒന്നേകാൽ ലക്ഷം പാൻമസാല പാക്കറ്റുകൾ കരുനാഗപ്പള്ളിയിൽ വച്ച് പോലീസ് പിടികൂടിയത്. കേസിൽ നാല് പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post