ക്ഷേത്രങ്ങളാൽ സമൃദ്ധമാണ് കേരളം. ഇതിൽ തന്നെ പ്രത്യേക ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ് കേരളത്തിലെ വിഷ്ണു ക്ഷേത്രങ്ങൾ. കൊടുങ്ങല്ലൂരിൽ ഇത്തരത്തിൽ പ്രശസ്തമായ ക്ഷേത്രമാണ് തൃക്കുലശേഖര പുരം. ശ്രീ വൈഷ്ണവ ഭക്തന്മാരും ,ഭക്ത കവികളുമായ 12 ആഴ്‌വാർമാരിൽ ഒരാളായ സാക്ഷാൽ കുലശേഖര ആഴ്‌വാരാൽ നിർമിക്കപ്പെട്ടത് അല്ലേൽ പുതുക്കി പണിതതോ എന്ന് കരുതപ്പെടുന്ന മഹാക്ഷേത്രമാണ് കൊടുങ്ങല്ലൂരിൽ സ്ഥിതി ചെയ്യുന്ന തൃക്കുലശേഖര പുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.
കുലശേഖര ആഴ്‌വാർ ഈ ക്ഷേത്രത്തിൽ ഇരുന്നാണ് മുകുന്ദ മാല രചിച്ചത് എന്ന് കരുതപ്പെടുന്നു.കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരുടെ അരിയിട്ട് വാഴ്ച ഈ ക്ഷേത്രത്തിൽ ആണ് നടക്കാറുള്ളത്.കേരളത്തിലെ ആദ്യത്തെ വിഷ്ണു ക്ഷേത്രമാണ് ഇതെന്ന് കൂടി കരുതപ്പെടുന്നു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മണ്ണിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹത്തിനു പോലും പ്രത്യേകതകൾ ഏറെയാണ്. ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശംഖചക്രഗദാപത്മ ധാരിയായ ഭഗവാനെ കൂടാതെ പന്ത്രണ്ടോളം ഉപദേവതകളും ഉണ്ട് ഇവിടെ.ഇത്രയേറെ ഉപദേവതാ പ്രതിഷ്ഠയുള്ള ക്ഷേത്രവും അപൂർവമെന്നെ പറയാനാകൂ.
നന്ദ ഗോപർ, വസുദേവർ,മോഹിനി എന്നിവരെ നമുക്ക് ഇവിടെ ഉപദേവതാ സ്ഥാനത്ത് കാണാം.കേരളത്തിൽ വേറെ ഏതെങ്കിലും ക്ഷേത്രത്തിൽ ഇവർക്ക് ഉപദേവതാ സ്ഥാനം കല്പിച്ചു നൽകി കണ്ടിട്ടില്ല. അതിഗംഭീരമായ ക്ഷേത്ര സമുച്ചയമാണിത്.മഹാക്ഷേത്രം എന്നവാക്കിനോട് നീതി പുലർത്തുന്ന നിർമിതിയാണ്. അതിനാൽ തന്നെ ശ്രീ വൈഷ്ണവർ 108 ദിവ്യ ദേശങ്ങളുടെ അതെ പ്രാധാന്യത്തോടെ ആണ് ഈ മഹാക്ഷേത്രത്തെയും കാണുന്നത്.
Discussion about this post