തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിന്റെ ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപെട്ടു. വെഞ്ഞാറമ്മൂട് മൈലക്കുഴിയിൽ രാവിലെ 8.30ഓടെയാണ് സംഭവം. വെഞ്ഞാറമ്മൂട് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന സാൻട്രോ കാറിനാണ് തീ പിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു.
വെഞ്ഞാറമ്മൂട് സ്വദേശിയുടേതാണ് അപകടത്തിൽ പെട്ട കാർ. ഇദ്ദേഹം ആറ്റിങ്ങലിലുള്ള തന്റെ വ്യാപാര സ്ഥാപനത്തിലേക്ക് പോകുന്നതിനിടെയാണ് കാറിന് തീ പിടിച്ചതെന്ന് പോലീസ് വ്യക്തമാക്കി. സംഭവസമയം കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. കാറിന്റെ മുൻവശത്ത് തീ പടരുന്നത് ശ്രദ്ധയിൽ പെട്ട ഉടനെ തന്നെ ഇദ്ദേഹം വാഹനം നിർത്തി ഓടിയിറങ്ങി രക്ഷപെടുകയായിരുന്നു. പിന്നാലെ കാറിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് തീ പടർന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമ്മൂട് നിന്ന് ഫയർഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
കണ്ണൂർ നഗരത്തിൽ ഇന്നലെ കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഭാര്യയും ഭർത്താവും കൊല്ലപ്പെട്ടിരുന്നു. പ്രജിത് ഭാര്യ റിഷ എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ഗർഭിണിയായ റിഷയെ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള യാത്രയ്ക്കിടെയാണ് ദാരുണ സംഭവം ഉണ്ടായത്. കാറിന്റെ പിൻസീറ്റിൽ ഇവർക്കൊപ്പമുണ്ടായിരുന്ന റിഷയുടെ മാതാപിതാക്കൾ, ഇളയമ്മ, മൂത്തമകൾ എന്നിവർ രക്ഷപെട്ടിരുന്നു. കാറിന്റെ മുൻഭാഗത്തെ ഡോറുകൾ തുറക്കാൻ സാധിക്കാതെ വന്നതോടെയാണ് ഇരുവരും മരണത്തിന് കീഴടങ്ങിയത്.
Discussion about this post