പാലക്കാട്: ധോണിയിൽ കാട്ടാന ശല്യം രൂക്ഷം. വീണ്ടും കാട്ടാനകൾ കൂട്ടത്തോടെ ജനവാസ മേഖലയിൽ എത്തി. പശുവിനെ കാട്ടാനക്കൂട്ടം ആക്രമിച്ച് കൊന്നു. പഴംപുളി സ്വദേശി ജിജോ തോമസിന്റെ പശുവിനെയാണ് കാട്ടാനകൾ ചേർന്ന് ആക്രമിച്ചത്.
ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. അതിർത്തി വേലി തകർത്ത് മൂന്ന് ആനകളാണ് ജനവാസ മേഖലയിൽ എത്തിയത്. വിവിധയിടങ്ങളിൽ കറങ്ങിനടന്ന കാട്ടാനകൾ അർദ്ധ രാത്രിയോടെ ജിജോ തോമസിന്റെ വീട്ടിൽ എത്തുകയായിരുന്നു. വീടിന് സീമപത്തെ തെങ്ങിലാണ് പശുവിനെ കെട്ടിയിരുന്നത്.
പശുവിന്റെ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് പശുവിനെ ആക്രമിക്കുന്നതായി കണ്ടത്. തുടർന്ന് ബഹളംവച്ചും പാട്ട കൊട്ടിയും കാട്ടാനകളെ ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു. ആക്രമണത്തിൽ പശുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതോടെ അൽപ്പ നേരങ്ങൾക്ക് ശേഷം പശുവിന് ജീവൻ നഷ്ടപ്പെടുകയായിരുന്നു. ധോണിയെ വിറപ്പിച്ച പിടി7 ( ധോണി) യെ അടുത്തിടെ വനംവകുപ്പ് പിടിച്ചു കെട്ടിയിരുന്നു. എന്നാൽ ഇതിന് ശേഷവും ഭീതിയിൽ ജീവിക്കുകയാണ് ധോണിയിലെ ജനങ്ങൾ.
Discussion about this post