പാട്‌ന: വനിതാ കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ ഡോക്ടറുടെ മുഖത്ത് മസാജ് ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ബിഹാറിലാണ് സംഭവം. കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ ദീപിക സാഹ്നിയാണ് മെഡിക്കൽ ഓഫീസറായ കൃഷ്ണ കുമാറിന്റെ മുഖം മസാജ് ചെയ്യുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ സിവിൽ സർജൻ ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
വീഡിയോ വൈറലായതിന് പിന്നാലെ ഇവരുടെ ചില ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവർ തമ്മിൽ വിവാഹേതര ബന്ധമുണ്ടെന്ന നിലയിലാണ് പ്രചാരണം. വൈറലായ വീഡിയോയും ചിത്രങ്ങളും വ്യത്യസ്ത സമയങ്ങളിൽ എടുത്തതാണെന്നാണ് റിപ്പോർട്ട്. ഈ വർഷം ജനുവരി 2നും 27നും എടുത്ത വീഡിയോയും ചിത്രങ്ങളുമാണിത്.
മസാജ് ചെയ്യുന്നതിന്റെ വീഡിയോ എടുക്കരുത് എന്ന് വനിതാ ഉദ്യോഗസ്ഥ പറയുന്നതും വീഡിയോയിൽ കേൾക്കാം. എന്നാൽ ഇത് കേൾക്കാതെ ഡോക്ടർ വീഡിയോ എടുക്കുന്നത് തുടരുന്നുമുണ്ട്. വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് സിവിൽ സർജൻ ഡോ.രാം നാരായൺ ചൗധരി രണ്ട് ഉദ്യോഗസ്ഥർക്കും നോട്ടീസ് അയച്ചത്. എന്നാൽ രണ്ട് പേരും ഒളിവിൽ പോയെന്നാണ് വിവരം.
Discussion about this post