ബത്തേരി: വയനാട് പൊൻമുടിക്കോട്ടയിൽ കടുവ ചത്ത സംഭവത്തിൽ സ്ഥലമുടമക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം ശക്തമാകുന്നു. വയോധികനായ പള്ളിയാലിൽ മുഹമ്മദിനെതിരെയാണ് കേസെടുത്തത്. വനംവകുപ്പിനെതിരെ സിപിഐഎം, സിപിഐ ജില്ലാ സെക്രട്ടറിമാരുൾപ്പെടെയുള്ള വിവിധ രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾ രംഗത്തെത്തി.
കഴിഞ്ഞ ബുധനാഴ്ചയാണ് മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ കടുവയെ ചത്തനിലയിൽ കണ്ടത്. കഴുത്തിൽ കുരുക്ക് മുറുകിയാണ് കടുവ ചത്തത്. കേസെടുത്തതിന് പിന്നാലെ പാർക്കിൻസൺസ് രോഗിയും 76 കാരനുമായ താൻ മൂന്ന് വർഷമായി തോട്ടത്തിൽ പോകാറില്ലെന്നും കെണിവെച്ചയാളെ കണ്ടെത്തണമെന്നും കാണിച്ചു മുഹമ്മദ് പോലീസിൽ പരാതി നൽകി.
സ്വന്തമായി എഴുന്നേറ്റ് നടക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത വ്യക്തിക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തതെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു.നിരപരാധികളെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് ആക്ഷൻ കമ്മിറ്റി കൂട്ടിച്ചേർത്തു.
അതേസമയം, കേസെടുത്തത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് വനംവകുപ്പ് നിലപാട്.













Discussion about this post