മൂന്നാർ : മൂന്നാറിൽ വീണ്ടും ശൈശവ വിവാഹം. പതിനേഴുകാരിയായ പെൺകുട്ടിയെ ഇരുപത്തിയാറുകാരൻ വിവാഹം ചെയ്തു. പെൺകുട്ടി ഏഴ് മാസം ഗർഭിണിയാണ്. സംഭവത്തിൽ കണ്ണൻദേവൻ കമ്പനി ചൊക്കനാട് എസ്റ്റേറ്റിൽ ഗ്രഹാംസ് ലാൻഡ് ഡിവിഷനിൽ മണിമാരനെതിരെ ദേവികുളം പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. എസ്‌റ്റേറ്റിലെ താത്ക്കാലിക തൊഴിലാളിയാണ് ഇയാൾ. വിവാഹം നടത്തിക്കൊടുത്ത അമ്മയ്ക്കും ബന്ധുക്കൾക്കുമെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസുണ്ട്.
2022 ജൂലൈയിലാണ് ഇവരുടെ വിവാഹം നടന്നത്. പെൺകുട്ടി പ്രായപൂർത്തിയായെന്ന് വരനെ വിശ്വസിപ്പിച്ചാണ് വിവാഹം കഴിപ്പിച്ചത് എന്നാണ് വിവരം. എന്നാൽ പെൺകുട്ടി ഗർഭിണിയായതോടെ ഒരു മാസം മുൻപ് പോലീസ് ഈ വിവരം അറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് തെളിഞ്ഞത്. കേസെടുത്തതിന് പിന്നാലെ യുവാവ് ഒളിവിൽ പോയിരിക്കുകയാണ്.
രണ്ടാഴ്ച മുൻപ് സമാനമായ മറ്റൊരു സംഭവം നടന്നിരുന്നു. ഇടമലക്കുടി പഞ്ചായത്തിൽ നാൽപ്പത്തിയേഴുകാരൻ പതിനേഴുകാരിയെ വിവാഹം കഴിച്ച സംഭവത്തിൽ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. എന്നാൽ ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. പ്രതി തമിഴ്‌നാട്ടിൽ ഒളിവിലാണ്.
Discussion about this post