ഇസ്ലാമാബാദ് : പാകിസ്താനിൽ നടക്കാനിരുന്ന ഏഷ്യാ കപ്പ് യുഎഇയിലേക്ക് മാറ്റുമെന്ന് സൂചന. ദാരിദ്ര്യവും കഷ്ടപ്പാടും മൂലം സമ്പദ്വ്യവസ്ഥ തകർന്നടിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഏഷ്യാ കപ്പ് പോലുള്ള മത്സരങ്ങൾക്ക് പാകിസ്താനെ വേദിയാക്കാൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) ഇതിന് സമ്മതം നൽകിയിട്ടുണ്ട്.
നേരത്തേ ക്രിക്കറ്റ് കളിക്കാൻ പാകിസ്താനിലേക്ക് പോകില്ലെന്ന് ഇന്ത്യൻ ടീം വ്യക്തമാക്കിയിരുന്നു. ഈ പ്രഖ്യാപനത്തിന് ശേഷം, ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) യോഗം ശനിയാഴ്ച ബഹ്റൈനിൽ ചേർന്നിരുന്നു. ബിസിസിഐയുടെയും എസിസിയുടെയും അദ്ധ്യക്ഷൻ ജയ് ഷായുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. അബുദാബി, ഷാർജ, ദുബായ് എന്നീ നഗരങ്ങളാണ് പാകിസ്താനു പകരം ഈ യോഗത്തിൽ മുന്നോട്ട് വച്ചത്. യുഎഇയിൽ മത്സരം നടത്താമെന്നത് ബിസിസിഐ അംഗീകരിച്ചു. എന്നാലും ഈ സ്ഥലങ്ങളിലും മത്സരത്തിന്റെ സംഘാടകർ പാകിസ്തൻ ക്രിക്കറ്റ് ബോർഡ് ആയിരിക്കും.
വിദേശ ടീമുകൾ സുരക്ഷ പ്രശ്‌നം കാരണം പാകിസ്താനിൽ പോകാൻ മടിക്കുകയാണ്. എങ്കിലും ഏറെ ശ്രമങ്ങൾക്കൊടുവിൽ ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ അവിടെ പോയി മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നിലവിൽ, പാകിസ്താൻ സുരക്ഷാ ഉറപ്പ് നൽകിയിട്ടും ഇന്ത്യൻ ടീം അവിടേക്ക് പോകാൻ വിസമ്മതിക്കുന്ന അവസ്ഥയാണ്. മുമ്പ് 2009 മാർച്ച് 3 ന് ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന് നേരെ പാകിസ്താനിൽ ഭീകരാക്രമണം നടന്നിരുന്നു.
ഇത് കൂടാതെ പാകിസ്താൻ ഇപ്പോൽ വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തെ കറൻസി മൂല്യം 1 യുഎസ് ഡോളറിനെതിരെ 277 രൂപ എന്ന നിലയിലേക്ക് കുത്തനെ ഇടിഞ്ഞു. പണപ്പെരുപ്പവും രാജ്യത്തെ വളരെയധികം ബാധിച്ചു. ഏഷ്യാ കപ്പ് സംഘടിപ്പിക്കാൻ എസിസി ഗ്രാന്റ് നൽകിയാലും ഇത്രയും വലിയ ടൂർണമെന്റ് സംഘടിപ്പിക്കുന്നത് പാകിസ്താനെ സാമ്പത്തികമായി വീണ്ടും തളർത്തും. അതിനാൽ ടൂർണമെന്റ് യുഎഇയിൽ നടത്തുകയാണെങ്കിൽ, എല്ലാ അംഗരാജ്യങ്ങൾക്കും സാധ്യതകൾ ഏറെയാണെന്നാണ് ക്രിക്കറ്റ് ബോർഡിന്റെ വിലയിരുത്തൽ.











