കോഴിക്കോട്: ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട് തിരിച്ചടിയാണെന്ന് കൂടത്തായി കൊലക്കേസിന്റെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി സൈമൺ. കാലപ്പഴക്കം കൊണ്ടാകാം ശരീരത്തിൽ വിഷാംശം കണ്ടെത്താൻ കഴിയാതിരുന്നത്. സംസ്ഥാനത്ത് നടത്തിയ പരിശോധനയുടെ ഫലം കൂടുതൽ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര ലാബിലേക്ക് അയച്ചത് എന്നും അദ്ദേഹം പറഞ്ഞു.
കാലങ്ങൾ കഴിയുമ്പോൾ മരണം സംബന്ധിച്ച കാരണം ലഭിക്കാനുള്ള സാദ്ധ്യതയും കുറയും. സംസ്ഥാന ഫോറൻസിക് ലാബിൽ പരിശോധന നടത്തിയപ്പോഴും നാല് പേരുടെയും മൃതദേഹത്തിൽ നിന്നും സയനേഡിന്റെ അംശം കണ്ടെത്താൻ കഴിഞ്ഞില്ല. കാലപ്പഴക്കം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഇതിന് പിന്നാലെ വിശദമായ പരിശോധനയ്ക്കായി ഡോക്ടർമാരുടെ പാനൽ തയ്യാറാക്കുകയും റിപ്പോർട്ട് ലഭ്യമാക്കുകയും ചെയ്തു. ഇക്കാര്യത്തിൽ കൂടുതൽ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് സാമ്പിളുകൾ കേന്ദ്ര ലാബിലേക്ക് അയച്ചത് എന്നും സൈമൺ വ്യക്തമാക്കി.
കൊല്ലപ്പെട്ട അന്നമ്മ തോമസ് , ടോം തോമസ് , മഞ്ചാടിയിൽ മാത്യൂ, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് കേന്ദ്ര ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചത്. നാല് പേരെയും വിഷം നൽകിയാണ് കൊലപ്പെടുത്തിയത് എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയായിരുന്നു സാമ്പിളുകൾ ലാബിലേക്ക് അയച്ചത്.
Discussion about this post