കോഴിക്കോട്: പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള കേരളത്തിലെ ആദ്യത്തെ അംഗീകൃത സൈനിക് സ്‌കൂൾ പ്രതിരോധ ടൂറിസം സഹമന്ത്രി അജയ് ഭട്ട് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസവിദ്യാലയം സീനിയർ സെക്കൻഡറി സ്‌കൂളിനാണ് സൈനിക സ്‌കൂൾ പദവി ലഭിച്ചത്. അമ്പത് കുട്ടികളാണ് ആദ്യബാച്ചിൽ പ്രവേശനം നേടിയിരിക്കുന്നത്. 33 ആൺകുട്ടികളും 17 പെൺകുട്ടികളുമാണ് ബാച്ചിലുള്ളത്. നൂറ് കണക്കിന് വിദ്യാർത്ഥികൾക്ക് സൈനിക സ്‌കൂൾ മാതൃകയിൽ പഠിക്കാനുള്ള അവസരമാണ് ഇതുവഴി ഒരുങ്ങുന്നത്.
പങ്കാളിത്ത രീതിയിൽ 18 പുതിയ സൈനിക് സ്‌കൂളുകൾ തുടങ്ങുന്നതിനുള്ള അനുമതി അടുത്തിടെയാണ് പ്രതിരോധ മന്ത്രാലയം നൽകിയത്. ഇതിൽ 17 എണ്ണം പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാണ്. 12 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായിട്ടാണ് പുതിയ സ്‌കൂളുകൾ ഉള്ളത്. നിലവിൽ രാജ്യത്തുള്ള 33 സൈനിക് സ്‌കൂളുകളിൽ നിന്ന് വ്യത്യസ്തമായിരിക്കും ഈ സ്‌കൂളുകളുടെ പ്രവർത്തനം. അംഗീകൃത വിദ്യാഭ്യാസ ബോർഡുകളുടെ അഫിലിയേഷന് പുറമെ സൈനിക സ്‌കൂൾ സൊസൈറ്റിയുടെ അംഗീകാരവും ഇവയ്ക്കുണ്ടാകും. സൈനിക് സ്‌കൂൾ സൊസൈറ്റിയുടെ നിയമങ്ങളും ചട്ടങ്ങളും പുതിയ സ്‌കൂളുകൾക്ക് ബാധകമായിരിക്കും.
കോഴിക്കോട് വേദവ്യാസവിദ്യാലയത്തിൽ ആറ് മുതൽ 12 വരെ ക്ലാസുകളാണ് ഉള്ളത്. അഫിലിയേറ്റ് ചെയ്ത വിദ്യാഭ്യാസ ബോർഡ് അംഗീകരിച്ച സിലബസിന് പുറമെ സൈനിക സ്‌കൂൾ ആവിഷ്‌കരിച്ച പാഠ്യപദ്ധതി പ്രകാരമുള്ള വിദ്യാഭ്യാസവും ഇവിടെ വിദ്യാർത്ഥികൾക്ക് നൽകുന്നു. സൈനിക് സ്‌കൂൾ സൊസൈറ്റി നിർദ്ദേശിക്കുന്ന പൊതുയൂണിഫോം തന്നെയാകും പുതിയ സൈനിക് സ്‌കൂളിലെ വിദ്യാർത്ഥികളും ഉപയോഗിക്കുന്നത്. പുതിയ സ്‌കൂളിൽ ആറാം ക്ലാസിലേക്കാണ് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നത്. അഖിലേന്ത്യാ സൈനിക സ്‌കൂൾ പ്രവേശന പരീക്ഷയിൽ 40 ശതമാനം മാർക്കെങ്കിലും നേടുക എന്നതാണ് ക്ലാസിലേക്ക് യോഗ്യത നേടുന്നതിനുള്ള മാനദണ്ഡം.
Discussion about this post